ഉപതെരഞ്ഞെടുപ്പ്: അഞ്ചിടത്തും മത്സരചൂട്
text_fieldsകാസർകോട്: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച് വാർഡുകളിലെ ഒഴിവുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സര ചൂടേറി. ജൂലൈ 21ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് മുന്നണികൾ. അഞ്ചിൽ മൂന്നിടത്ത് എൽ.ഡി.എഫ്, ഓരോന്ന് വീതം യു.ഡി.എഫ്, എൻ.ഡി.എ എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. കാഞ്ഞങ്ങാട് നഗരസഭ 11 വാര്‍ഡ് തോയമ്മല്‍, കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആടകം, പള്ളിക്കര പഞ്ചായത്ത് 19 വാര്‍ഡ് പള്ളിപ്പുഴ, ബദിയടുക്ക പഞ്ചായത്ത് 14 വാര്‍ഡ് പട്ടാജെ, കുമ്പള പഞ്ചായത്ത് 14 വാര്‍ഡ് പെര്‍വാഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനായി നിശ്ചയിച്ച സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ജൂലൈ 20, 21 തീയതികളിലും ഈ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും 21 നും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
പെർവാർഡിൽ കടുത്ത മത്സരം
കുമ്പള പഞ്ചായത്ത് പതിനാലാം വാർഡായ പെർവാഡിൽ കടുത്ത മത്സരമാണ്. സി.പി.എമ്മിലെ കൊഗ്ഗു അംഗത്വം രാജിെവച്ചതോടെയാണ് ഒഴിവു വന്നത്. കഴിഞ്ഞതവണ 108 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. വിജയം ആവർത്തിക്കാൻ എസ്. അനിൽ കുമാറിനെയാണ് സി.പി.എം ഇത്തവണ രംഗത്തിറക്കിയത്. മുസ്ലിം ലീഗ് പതിനാലാം വാർഡ് ജനറൽ സെക്രട്ടറി എം.ജി. നാസറാണ് യു.ഡി.എഫ് സ്ഥാനാർഥി. മുരളീധര യാദവ് ആണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി.
പട്ടാജെ വാർഡിൽ എന്താവും
ജീവകാരുണ്യ പ്രവര്ത്തകൻ സായ്റാം ഗോപാലകൃഷ്ണ ഭട്ടിന്റെ മകൻ ബി.ജെ.പിയിലെ കെ.എന്‍. കൃഷ്ണ ഭട്ട് അംഗത്വം രാജിവെച്ചതിനെത്തുടർന്നാണ് ബദിയടുക്ക പട്ടാജെയില്‍ ഉപതെരഞ്ഞെടുപ്പ്. വിജയം ആവർത്തിക്കാൻ മഹേഷ് വളകുഞ്ചയാണ് ബി.ജെ.പി ഇറക്കിയത്. യു.ഡി.എഫില്‍നിന്ന് കോണ്‍ഗസിലെ ശ്യാം പ്രസാദ് മാന്യയും എല്‍.ഡി.എഫില്‍നിന്ന് സി.പി.എമ്മിലെ എം. മദനയും. കഴിഞ്ഞതവണ ബി.ജെ.പി 423, യു.ഡി.എഫ് 273, എല്‍.ഡി.എഫ് 179 എന്നിങ്ങനെയാണ് വോട്ട് നില.
തോയമ്മലിലെ ചെങ്കോട്ട
സി.പി.എമ്മിന്റെ കരുത്തുറ്റ വാർഡായ കാഞ്ഞങ്ങാട് നഗരസഭയിലെ തോയമ്മൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 500 ന് മുകളിലാണ്. സ്ഥിരംസമിതി ചെയർമാനായിരുന്ന സി. ജാനകി കുട്ടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൻ. ഇന്ദിരയെയാണ് വാർഡ് നിലനിർത്താൻ എൽ.ഡി.എഫ് രംഗത്തിറക്കിയത്. മുഖ്യ എതിരാളി യു.ഡി.എഫിലെ പി. നാരായണി. രേഷ്മയാണ് ബി.ജെ. പി സ്ഥാനാർഥി.
ആടകം വാർഡിൽ തീപാറും
കള്ളാർ പഞ്ചായത്തിലെ ആടകം വാർഡിൽ ഇത്തവണ മത്സരം തീപാറും പോരാട്ടം. 60 വോട്ടിനാണ് കഴിഞ്ഞ തവണ ഇവിടെ കോൺഗ്രസ്, സി.പി.എമ്മിന് മുന്നിൽ അടിയറവ് പറഞ്ഞത്. എൽ.ഡി.എഫിലെ എ.ജെ. ജോസിന് രോഗബാധിതനായതിനെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാനാകാത്തതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. സജി പ്ലാച്ചേരിയാണ് യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫിനുവേണ്ടി സണ്ണി ഓണശ്ശേരിയാണ് രംഗത്ത്. സുനിഷ് നാരായണൻ ബി.ജെ.പി സ്ഥാനാർഥി.
പള്ളിപ്പുഴയിലെ യു.ഡി.എഫ് കോട്ട
മുസ്ലിം ലീഗിലെ നസീറ പള്ളിപ്പുഴ രാജിവെച്ചതിനെ തുടർന്നാണ് പള്ളിക്കര പഞ്ചായത്ത് 19ാം വാർഡ് പള്ളിപ്പുഴയിൽ ഉപതെരഞ്ഞെടുപ്പ്.
യു.ഡി.എഫിന് ഭൂരിപക്ഷമുള്ള വാർഡിൽ മുസ്ലിം ലീഗിലെ സെമീറ അബ്ബാസിനെയാണ് രംഗത്തിറക്കിയത്. റഷീദയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പിക്കു വാർഡിൽ സ്ഥാനാർഥിയുണ്ട്. 714 വോട്ടിന്റെ ഭൂരിപക്ഷമുള്ള വാർഡിൽ അനായാസ വിജയം ലീഗ് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.