കാട്ടാനകളെ തുരത്താൻ തീർഥക്കരയിൽ ക്യാമ്പ് ചെയ്യും
text_fieldsകാസർകോട്: കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനം. തീർഥക്കരയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി. രാജുവിന്റെ നേതൃത്വത്തിൽ, ആനകളെ തുരത്തുന്നതിന് ക്യാമ്പ് ചെയ്യാനും തീരുമാനിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കാട്ടാനശല്യം രൂക്ഷമായ ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റുമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാട്ടാനശല്യം തടയുന്നതിന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ആനപ്രതിരോധ പദ്ധതിയിലെ ആദ്യഘട്ടമായ വേലി നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാലാണ് കാട്ടാനശല്യമുണ്ടായതെന്ന് യോഗം വിലയിരുത്തി. ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പിനെതിരെയും വിമർശനമുണ്ടായി. ജില്ല വനം മേധാവി പി. ബിജു അധ്യക്ഷത വഹിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉഷ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി, കാറഡുക്ക പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം. നാസർ, ബേഡഡുക്ക പഞ്ചായത്തംഗം രജനി, എൻജിനീയർ ഹംസാർ, വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എൻ.വി. സത്യൻ, എം. ജയകുമാർ, എം.പി. രാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.