സ്ഥാനാർഥികളും ചിഹ്നവും വോട്ടുയന്ത്രത്തിലായി
text_fieldsകാസർകോട്: വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇ.വി.എം, വിവിപാറ്റ് എന്നിവ 25ന് പോളിങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പിന് കൊണ്ടുപോകുന്നതിന് പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറും. ബുധനാഴ്ച രാവിലെ ഏഴു മുതല്‍ ഇ.വി.എം കമീഷനിങ് നടത്തി. കമീഷനിങ് സമയത്ത് അഞ്ചു ശതമാനം ഇ.വി.എം മോക് പോള്‍ നടത്തി. അത് പ്രത്യേകമായി രേഖപ്പെടുത്തി.
ഇ.വി.എം മെഷീനുകള്‍ ഏപ്രില്‍ 25ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിന് മാത്രമേ തുറക്കുകയുള്ളൂ. 26ന് വോട്ടെടുപ്പ് നടക്കും. വോട്ട് രേഖപ്പെടുത്തിയ ഇ.വി.എം യന്ത്രങ്ങള്‍ വിതരണം ചെയ്ത കേന്ദ്രത്തിൽ തന്നെ സ്വീകരിക്കും. അന്ന് രാത്രിതന്നെ പ്രത്യേകം സ്ട്രോങ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇ.വി.എം യന്ത്രങ്ങള്‍ സൂക്ഷിക്കും.
ഏഴു നിയമസഭ മണ്ഡലങ്ങളുടെയും വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ പ്രത്യേകം സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുക. കേന്ദ്രസേനയുടെയും കേരള സായുധ പൊലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും ഏപ്രില്‍ 26 മുതല്‍ ജൂണ്‍ നാലുവരെ യന്ത്രങ്ങള്‍ സൂക്ഷിക്കുക. വരണാധികാരികൂടിയായ കലക്ടർ കെ. ഇമ്പശേഖർ ഇ.വി.എം കമീഷനിങ്ങിന് നേതൃത്വം നൽകി.
ഇ.വി.എം കമീഷനിങ് മണ്ഡലം തലത്തിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എ.ആർ.ഒ ജഗിപോൾ, കാസർകോട് മണ്ഡലത്തിൽ എ.ആർ.ഒ പി. ബിനുമോൻ, ഉദുമയിൽ എ.ആർ.ഒ നിർമൽ റീത്ത ഗോമസ്, കാഞ്ഞങ്ങാട് എ.ആർ.ഒ സബ്കലക്ടർ സൂഫിയാൻ അഹമ്മദ്, തൃക്കരിപ്പൂരിൽ എ.ആർ.ഒ പി. ഷാജു എന്നിവർ നേതൃത്വം നൽകി.
മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലും കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഗവ. കോളജിലും ഉദുമ മണ്ഡലത്തില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കൻഡറി സ്കൂളിലും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുർഗ ഹയര്‍ സെക്കൻഡറി സ്കൂളിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിലും പയ്യന്നൂരില്‍ എ. കുഞ്ഞിരാമന് അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ് പയ്യന്നൂരിലൂം കല്യാശ്ശേരിയില്‍ ജി.എച്ച്.എസ്.എസ് മാടായിലുമാണ് ഇ.വി.എം കമീഷനിങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.