ആശുപത്രിയിലേക്ക് വാഹനം ലഭിച്ചില്ല; വീട്ടിൽ പ്രസവിച്ച യുവതിക്ക് ആരോഗ്യ പ്രവർത്തകരുടെ കരുതൽ
text_fieldsതൃക്കരിപ്പൂർ: വാഹനം ലഭിക്കാതെ വീട്ടിൽ പ്രസവിക്കേണ്ടി വന്ന അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരുടെ കരുതൽ. വലിയപറമ്പ മാവിലാകടപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാളിൽനിന്നുള്ള ഹൈദർ അലിയുടെ ഭാര്യ മുഹ്സിനക്കും പെൺകുഞ്ഞിനുമാണ് സമയോചിത വൈദ്യസഹായം തുണയായത്. മാവിലാകടപ്പുറത്ത് താമസിക്കുന്ന മുഹ്സിനക്ക് കഴിഞ്ഞ ദിവസം വൈകീട്ടാണ് വേദന തുടങ്ങിയത്. പെട്ടെന്ന് പ്രസവം നടന്നേക്കുമെന്ന ഘട്ടമായി. വാഹനം കണ്ടെത്തുന്നതിനിടെ ഇവർ പെൺ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി വേർപ്പെടുത്താനോ സഹായിക്കാനോ ആരും ഉണ്ടായിരുന്നില്ല. ആശ വർക്കർ സിന്ധു സ്ഥലത്തെത്തിയാണ് വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ധന്യ മനോജിനെ വിവരം അറിയിക്കുന്നത്.
മറുപിള്ള വെളിയിൽ വരാതിരുന്നതിനാൽ പൊക്കിൾ കൊടി മുറിച്ച് നീക്കാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്ന് ആരോഗ്യപ്രവർത്തക പറഞ്ഞു. മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പി.എച്ച്.എൻ ടി.പി. ഉഷ, ജെ.പി.എച്ച്.എൻ അംബിക എന്നിവർ അമ്മയെയും കുഞ്ഞിനെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര പരിചരണം നൽകി. ഗൈനക്കോളജിസ്റ്റിന്റെയും ശിശുരോഗ വിദഗ്ധന്റെയും പരിശോധനക്കുശേഷം രക്തസ്രാവം ഇല്ലെന്ന് ഉറപ്പുവരുത്തി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.