കോവിഡ് ക്വാറൈന്റനിൽനിന്ന് രക്ഷപ്പെട്ട പ്രതി നാല് വർഷങ്ങൾക്കുശേഷം പിടിയിൽ
text_fieldsമഞ്ചേശ്വരം: കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ നിന്നു കാവലിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ജനാല വഴി ചാടി രക്ഷപ്പെട്ട പ്രതി നാല് വർഷത്തിനുശേഷം അറസ്റ്റിൽ. കുമ്പള കൈകമ്പയിലെ ബംഗ്ലാ കോമ്പൗണ്ടിൽ ആദംഖാനെ(24)യാണ് മഞ്ചേശ്വരം പോലീസ് വീട് വളഞ്ഞ് പിടികൂടിയത്.
2020 ലെ വധശ്രമക്കേസിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ല ജയിലിൽ നിന്ന് ജില്ല ആശുപത്രി സെല്ലിലേക്ക് മാറ്റിയപ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ടത്. ക്വാറൈന്റനിൽ കഴിയവെയാണ് പ്രതി രണ്ടാം നിലയിൽ നിന്ന് പുലർച്ചെ പുറത്തേക്ക് ചാടിരക്ഷപെട്ടത്.
കർണാടക, ആന്ധ്രയിലും ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞ പൊലീസ് പ്രതിയെ കഴിഞ്ഞ ദിവസം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. വധശ്രമം, മോഷണം, കഞ്ചാവ് ഉൾപ്പെടെ കേരളത്തിന് അകത്തും പുറത്തുമായി പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട്ടും പ്രതിക്കെതിരെ കേസുണ്ട്. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശപ്രകരം ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാർ പ്രതിയെ കണ്ടെത്താൻ നേതൃത്വം നൽകി.
സബ് ഇൻസ്പെക്ടർ അനൂപ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, പൊലീസുകാരായ വിജയൻ, അനീഷ് കുമാർ, സന്ദീപ്, ഭക്ത ശൈവൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അന്ന് പൊലീസുകാർക്കെതിരെ നടപടി വന്നിരുന്നു. കോവിഡ് വ്യാപിച്ച സമയമായതിനാൽ അന്ന് അന്വേഷണം നടത്താനായില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലുമായിരുന്നു പൊലീസ്. റിമാൻഡ് തടവിൽ നിന്ന് ചാടി രക്ഷപ്പെട്ട സംഭവത്തിലും പ്രതിക്കെതിരെ ഹോസ്ദുർഗ് പൊലീസിൽ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.