ചെള്ളുപനിക്കെതിരെ ജാഗ്രത വേണം -ഡി.എം.ഒ
text_fieldsകാസർകോട്: ജില്ലയില്‍ ചെള്ളുപനി (സ്ക്രബ് ടൈഫസ്) സ്ഥിരീകരിക്കുകയും സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു.
‘ഓറിയന്‍ഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ഇവയിലെ കുഞ്ഞു ചെള്ളുകളുടെ കടിയേറ്റാല്‍ മനുഷ്യരിലേക്ക് പകരാനിടയാകും. ലെപ്റ്റോട്രോംബിഡിയം ജനുസ്സിലെ ട്രോംബിക്യുലിഡ് (മൈറ്റ്) ആണ് രോഗവാഹകര്‍.
ഈ ലാര്‍വ ചിഗ്ഗറുകള്‍ എന്നും അറിയപ്പെടുന്നു. ഈ പ്രാണിയുടെ കടിയേല്‍ക്കുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ചെറിയ സസ്യങ്ങള്‍(സ്ക്രബ്) കൂടുതല്‍ വളരുന്ന പ്രദേശങ്ങളിലാണ് ഈ അസുഖം കൂടുതല്‍ കാണപ്പെടുന്നത്. മനുഷ്യര്‍ ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ചിഗ്ഗര്‍ കടിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.
ഇങ്ങനെ രോഗത്തെ അറിയാം
- രോഗബാധയുള്ള ലാര്‍വ ട്രോംബിക്യുലിഡ് പ്രാണി (ചിഗ്ഗര്‍) കടിച്ച് 7 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ പനി പ്രത്യക്ഷപ്പെടുന്നു. പനി ദീര്‍ഘനേരം നീണ്ടുനില്‍ക്കും. തലവേദന, വിശപ്പില്ലായ്മ, ദേഹാസ്വാസ്ഥ്യം, ശരീരവേദന, പേശികളുടെ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
- ചിഗ്ഗറുകളുടെ കടിയേറ്റ സ്ഥലത്തെ കറുത്ത നിറത്തിലുള്ള വ്രണം. ഇതിനെ ‘എഷാര്’ എന്ന് പറയുന്നു. അണുബാധയുള്ള ചിഗ്ഗര്‍ കടിയേറ്റ സ്ഥലത്ത് വേദനയില്ലാത്ത വ്രണം പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് ഇവയുടെ നടുവിലുള്ള ചര്‍മ്മ കോശങ്ങള്‍ കേടുവരുന്നു.
- ഈ രോഗികളില്‍ വ്രണം വന്ന സ്ഥലത്തിന്റെ അടുത്തുള്ള ലിംഫ് ഗ്രന്ഥികളിലോ മറ്റു പല ലിംഫ് ഗ്രന്ഥികളിലോ വീക്കം
- ചില രോഗികളില്‍ ഓക്കാനം, ഛര്‍ദ്ദി, അല്ലെങ്കില്‍ വയറിളക്കം എന്നിവ കാണാറുണ്ട്. രോഗതീവ്രത കൂടുമ്പോള്‍ അത് വൃക്ക, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം.
ഇങ്ങനെ പ്രതിരോധിക്കാം
- വിറകുശേഖരിക്കുന്നവര്‍, പശു വളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍, കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവര്‍, റബര്‍ ടാപ്പിങ് തുടങ്ങി കുറ്റിക്കാടുകളുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
- തൊഴില്‍ കഴിഞ്ഞു എത്തിയ ഉടന്‍ ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് കുളിക്കുക.
- പ്രാണികളുടെ കടിയേല്‍ക്കാതിരിക്കാനുള്ള ലേപനങ്ങള്‍ പുരട്ടുക
- ചെള്ളുകള്‍ പറ്റിപിടിക്കാന്‍ സാധ്യതയുള്ള വീടിന് പരിസരത്തെ കുറ്റിക്കാടുകള്‍ നീക്കം ചെയ്യുക.
- എലികള്‍ വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.
- പരിസര ശുചിത്വം ഉറപ്പുവരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.