കേന്ദ്ര വാഴ്സിറ്റിയിലെ സെക്യൂരിറ്റി തട്ടിപ്പ്; പണം തിരിച്ചുനൽകാൻ വിധി
text_fieldsകാസർകോട്: സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് കേന്ദ്ര സർവകലാശാലയിൽനിന്ന് കൂടുതൽ പണം അപഹരിച്ചുവെന്ന കേസിൽ കാസർകോട് മാത സെക്യൂരിറ്റി ഏജൻസി വാങ്ങിയ തുക പലിശസഹിതം തിരിച്ചുനൽകാൻ ഹൊസ്ദുർഗ് സബ് കോടതി വിധിച്ചു.
കേന്ദ്ര സർവകലാശാലക്ക് കോടതിച്ചെലവും ഏജൻസി നൽകണമെന്ന് സബ് ജഡ്ജ് എം.സി. ബിജുവിന്റെ വിധിയിൽ പറഞ്ഞു. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ സർവകലാശാലക്ക് നൽകിയ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണത്തിലാണ് തട്ടിപ്പ് നടത്തിയത്. അനുവദിച്ച എണ്ണം പെരുപ്പിച്ച് കാണിച്ച് 40,96539 രൂപയാണ് ഏജൻസി തട്ടിയെടുത്തത്. തട്ടിയെടുത്ത പണവും പലിശയുമുൾപ്പെടെ 64,44947 രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മാത ഏജൻസിക്കെതിരെ 2018ൽ സർവകലാശാല നൽകിയ ഹരജിയിലാണ് വിധി. ഡെപ്യൂട്ടി രജിസ്ട്രാർ സുരേഷ് കണ്ടത്തിൽ സർവകലാശാലക്കുവേണ്ടി മൊഴി നൽകി.
ഹോസ്ദുർഗ് കേന്ദ്ര സർവകലാശാലക്കുവേണ്ടി അഡ്വ. കെ. ശ്രീകാന്ത് ഹാജരായി. സെക്യൂരിറ്റി ഏജൻസിയും മറ്റു ചില ഉദ്യോഗസ്ഥന്മാരും ചേർന്ന് കേന്ദ്ര സർവകലാശാലയോട് വിശ്വാസവഞ്ചനയും പണാപഹരണം നടത്തിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച ക്രിമിനൽ കേസ് എറണാകുളം സി.ബി.ഐ കോടതിയിലുണ്ട്. മാതാ ഏജൻസിക്ക് പുറമെ കേന്ദ്ര സർവകലാശാലയുടെ ചില ഉദ്യോഗസ്ഥരും സി.ബി.ഐ കേസിൽ പ്രതികളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.