കേന്ദ്ര വാഴ്സിറ്റി വിദ്യാർഥിനിയുടെ ആത്മഹത്യ; സി.ബി.ഐ അന്വേഷിക്കണമെന്ന് സർവകലാശാല സമിതി
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല വിദ്യാർഥിനി റൂബി പട്ടേലിന്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് സർവകലാശാല സമിതി.
ഹിന്ദി റിസർച് സ്കോളറായ റൂബിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന് സർവകലാശാല നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് വൈസ് ചാൻസലർ കെ.സി. ബൈജു സി.ബി.ഐക്ക് നൽകി. ഒഡിഷ ബർഗർ ജില്ലക്കാരിയായ റൂബി പട്ടേലിനെ (25)കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സർവകലാശാല ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് ചെയ്ത കേസിൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തിയിരുന്നില്ല. പൊലീസ് കാര്യമായ അന്വേഷണം നടത്തുകയോ അധ്യാപകരുടെയോ വിദ്യാർഥികളുടെയോ മൊഴിയെടുക്കുകയോ ചെയ്തില്ല. തലേദിവസത്തെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടില്ല.
റൂബിയുടെ ഗൈഡ് പ്രഫ. തരു എസ്. പവാറിനെതിരെ ചില അധ്യാപകരും വിദ്യാർഥികളും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. റൂബിയുടെ സഹോദരിമാരായ ഐ.സി.എ.ആർ ശാസ്ത്രജ്ഞ ഡോ. ആശാറാണി പട്ടേൽ, ഹൈദരാബാദ് കേന്ദ്ര സർവകലാശാല പി.എച്ച്ഡി സ്കോളർ ഡോ. നിഷ പട്ടേൽ എന്നിവർ ഗൈഡ്, റൂബിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്നു.
പവാറിനെ തിരഞ്ഞെടുത്തത് റൂബിയല്ല എന്നാണ് കുടുംബം പറയുന്നത്. പവാറിന്റെ വിഷയം ദലിത് സാഹിത്യമാണ്.
‘പ്രമുഖ വനിതകളുടെ ആത്മകഥയിൽ ശിശുമനഃശാസ്ത്രം എങ്ങനെ പ്രതിഫലിക്കുന്നു’ എന്നതാണ് റൂബിയുടെ വിഷയം. ഗൈഡിന്റെയും സ്കോളറുടെയും വിഷയങ്ങൾ തമ്മിൽ പൊരുത്തമില്ലാത്തത് റൂബിയെ വിഷമിപ്പിച്ചിരുന്നു. ആവശ്യത്തിൽ കൂടുതൽ കാർക്കശ്യം പവാർ പ്രകടിപ്പിച്ചിരുന്നുവെന്നാണ് കുട്ടികൾ പറയുന്നത്. ഗൈഡ് പേപ്പർ സമർപ്പണം താമസിപ്പിക്കുന്നുവെന്ന പരാതി റൂബിക്കുണ്ടായിരുന്നു.
മരിച്ചനിലയിൽ കണ്ടെത്തിയ ഏപ്രിൽ രണ്ടിന് തലേദിവസം ഏറെ മാനസിക വിഷമത്തോടെയാണ് റൂബിയെ കണ്ടത് എന്ന് വിദ്യാർഥികൾ പറയുന്നു. സഹോദരി ആശാറാണിയുമായി എല്ലാ ദിവസവും കാര്യങ്ങൾ പങ്കുവെക്കുന്ന റൂബി ഇക്കാര്യങ്ങളും പറഞ്ഞതായി സൂചനയുണ്ട്. റൂബി മൂന്ന് തവണ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പാസായിട്ടുണ്ട്. ഒ.ബി.സി വിഭാഗത്തിൽ പെട്ടവർക്കുള്ള ദേശീയ സ്കോളർഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. റൂബിയുടെ മരണത്തെതുടർന്ന് സർവകലാശാല 11അംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ 40ഓളം അധ്യാപക വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കാര്യമായ നിഗമനങ്ങളിൽ എത്തിയില്ല.
ഒഡിഷ ബാർഗയിലെ സഹേപ്പള്ളി ഗ്രാമത്തിലെ നെൽക്കർഷകരായ ഛദ്ദചരൺ പട്ടേലിന്റെയും ജശോദ പട്ടേലിന്റെയും നാല് മക്കളിൽ ഒരാളാണ് റൂബി.
ആശാറാണി, നിഷ എന്നിവർക്കു പുറമെ ഇളയവളായ ചന്ദ്രമണി പട്ടേൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ബോട്ടണിയിൽ പി.എച്ച്ഡി ചെയ്യുകയാണ്. വളരെ കഷ്ടപ്പെട്ട് പഠിച്ചുവളർന്ന പെൺകുട്ടികളാണ് എല്ലാവരും. ഇവിടെ ആത്മഹത്യചെയ്ത രണ്ടാമത്തെ കുട്ടിയാണ് റൂബി. രണ്ട് അധ്യാപകർ ആത്മഹത്യ ചെയ്യുമെന്ന് സമൂഹ മാധ്യമങ്ങൾ പോസ്റ്റിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.