ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരെ വാക്സിന് നല്‍കും
text_fieldsകാസർകോട്: ജില്ലയില്‍ ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരെ വാക്സിന് നല്കാൻ നടപടി. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. ലോകത്ത് സെര്‍വിക്കല്‍ അർബുദ രോഗികള്‍ കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ടു മിനിറ്റും രാജ്യത്ത് സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.
സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി) എന്ന വൈറസ് ബാധയാണ് സര്‍വസാധാരണയായി കണ്ടുവരുന്നത്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലുമെല്ലാം അരിമ്പാറകള്‍ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പര്ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് 120ലേറെ തരത്തിലുണ്ട്. 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും അർബുദം ഉണ്ടാക്കുന്നു. എച്ച്.പി.വി 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.
ജില്ലയിലെ ഒമ്പതു മുതല്‍ 14 വയസ്സുവരെ പ്രായമുള്ള മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും രണ്ടു ഡോസ് എച്ച്.പി.വി വാക്സിന് നല്‍കാനാണ് തീരുമാനം. ഇതിനായി കാസര്‍കോട് ജില്ല പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.