ഭൂമിയുടെ തരം മാറ്റം: ലക്ഷങ്ങൾ ഫീസ് അടച്ചിട്ടും കാലതാമസം; സർവേ നടപടി വൈകുന്നു
text_fieldsകാസർകോട്: ഭൂമിയുടെ തരം മാറ്റത്തിനായി അപേക്ഷ നൽകിയവർ ദുരിതത്തിൽ. നിലം എന്നത് പുരയിടം എന്നാക്കി കിട്ടുന്നതിനായി മാസങ്ങളായി അക്ഷയ സെന്റർ, ആർ.ഡി.ഒ, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് കയറിയിറങ്ങുകയാണ് അപേക്ഷകർ.
ഭൂമിയുടെ തരം മാറ്റൽ 2022ൽ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. അക്ഷയ സെന്റർ വഴി ആർ.ഡി.ഒക്ക് അപേക്ഷ നൽകിയാൽ അത് റിപ്പോർട്ടിനായി വില്ലേജ് ഓഫിസർക്ക് അയക്കും. വില്ലേജ് ഓഫിസർ സ്ഥലപരിശോധന നടത്തി ആവശ്യമായ രേഖകൾ സഹിതം വിശദമായ റിപ്പോർട്ട് ആർ.ഡി.ഒക്ക് നൽകും. ആർ.ഡി.ഒ ഓഫിസിൽ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, ആർ.ഡി.ഒ തുടങ്ങിയവരുടെ ഓഫിസിൽ മാസങ്ങളോളം അപേക്ഷ ചുറ്റിക്കറങ്ങുകയാണ്.
ആർ.ഡി.ഒയാണ് തരം മാറ്റുന്നതിനുള്ള ഫീസ് അടക്കാൻ ഉത്തരവ് നൽകുന്നത്. ഇതനുസരിച്ച് രണ്ടും മൂന്നും ലക്ഷങ്ങൾ അടച്ചവരാണ് ഇപ്പോൾ താലൂക്ക് ഓഫിസ് കയറിയിറങ്ങുന്നത്. മുമ്പ് ആർ.ഡി.ഒ തന്നെ അപേക്ഷകനും വില്ലേജ് ഓഫിസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും തരം മാറ്റം ഉത്തരവ് അയച്ചിരുന്നു. വില്ലേജ് ഓഫിസർമാർ രേഖകളിൽ മാറ്റം വരുത്തി വീടു കെട്ടുന്നതിന് കൈവശ സർട്ടിഫിക്കറ്റും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സർവേ ചെയ്യാൻ അയക്കുകയാണ്. ആവശ്യമായ സർവേയർമാർ ഇല്ലാത്തതിനാൽ ആർ.ഡി.ഒ ഓഫിസിൽ നിന്നുള്ള അപേക്ഷകൾ താലൂക്ക് ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. 2022ൽ നൽകിയ അപേക്ഷകൾ പോലും ഇതിൽ ഉൾപ്പെടും.
റീസർവേ നടന്ന വില്ലേജിലെ ഭൂമിയുടെ തരം മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ നൽകുന്നതും രസകരമാണ്. തരം മാറ്റത്തിന് ഓൺലൈൻ അപേക്ഷ നൽകാനായി അടിസ്ഥാന നികുതി രജിസ്റ്ററിൽ ‘പുരയിടം’ എന്നത് വില്ലേജ് ഓഫിസിൽ നിന്ന് താലൂക്കിലേക്ക് അയച്ച് തികച്ചും സൗജന്യമായി ‘നിലം’ എന്നാക്കി മാറ്റുന്നു.
പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും മരങ്ങളുമുള്ള ഇതേ ഭൂമിയാണ് വീണ്ടും ലക്ഷക്കണക്കിന് ഫീസ് അടച്ച് മാസങ്ങളോളം ഓഫിസുകൾ കയറിയിറങ്ങി അതേ ‘നിലം’ പുരയിടമാക്കുന്നത്. സർവേ റിക്കാർഡിൽ പുരയിടം എന്ന് രേഖപ്പെടുത്തിയത് യാതൊരു മാനദണ്ഡവുമില്ലാതെ നിലം എന്നാക്കി മാറ്റുന്നു. ഭൂമിയുടെ നിലവിലുള്ള അവസ്ഥ കണ്ടെത്തുന്നതിനാണ് റീ സർവേ തുടങ്ങിയത്. കോടികൾ ചെലവിട്ടാണ് സർവേ നടത്തി റെക്കോഡുകളിൽ മാറ്റം വരുത്തിയത്. രേഖകൾ പ്രകാരം കൈവശരേഖ നൽകുമ്പോൾ ഭൂമിയുടെ തരം മാത്രം സർവേ റെക്കോർഡ് പ്രകാരം നൽകുന്നില്ല. സർവേ നമ്പറും സ്ഥലത്തിന്റെ വിസ്തൃതിയും ഈ രേഖകൾ പ്രകാരമാണ് നൽകുന്നത്. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെ ഉചിതമായ ഇടപെടലും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.