ചെമ്മനാട് പതിനാല് വർഷം പഴക്കമുള്ള വാഗ്ദാനം എന്ന് വരും ഒരു കളിസ്ഥലം?
text_fieldsബെണ്ടിച്ചാൽ: ചെമ്മനാട് പഞ്ചായത്ത് വാഗ്ദാനമായ ഗ്രൗണ്ട് പതിനാല് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആധുനികരീതിയിലുള്ള കളിസ്ഥലത്തിനുവേണ്ടി 2010-11 കാലയളവിൽ ബെണ്ടിച്ചാൽ കോരക്കുന്നുമൊട്ടയിൽ മണ്ണെടുത്ത് സ്ഥലം നിരപ്പാക്കി തയാറെടുപ്പ് നടത്തിയിരുന്നു.
എന്നാൽ, അതിന്റെ തുടർ പ്രവൃത്തി മുടങ്ങുകയായിരുന്നു. മഴക്കാലത്ത് ഇപ്പോൾ വെള്ളം വന്ന് പതിക്കുന്നത് ഇവിടെയാണ്. വാഗ്ദാനം നൽകി 14 വർഷം കഴിഞ്ഞിട്ടും നാട്ടുകാരുടെ ഒരു ഗ്രൗണ്ടെന്ന സ്വപ്നം സാഫല്യമായില്ല. കാടുപിടിച്ച സ്ഥലം മാത്രം ബാക്കിയായി.രണ്ടു കിലോമീറ്റർ അകലെ കോളിയടുക്കത്ത് പഞ്ചായത്ത് ഓഫിസിനടുത്തുള്ള സ്റ്റേഡിയമാണ് ആകെയുള്ള കളിസ്ഥലം. പക്ഷേ, ബെണ്ടിച്ചാലിലെ വിദ്യാർഥികൾ ഇവിടമാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്. എന്നാൽ, ഗ്രൗണ്ടിന്റെ പരിമിതി കാരണം പരിശീലനത്തിനും മറ്റും അനുമതി ലഭിക്കുന്നതുമില്ല. പഞ്ചായത്തിന്റെ അധീനതയിൽ ഏക്കറോളം സ്ഥലമുണ്ടങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല.
അമ്പത് മീറ്റർ ചുറ്റളവിൽ മണ്ണെടുത്ത് നിരപ്പാക്കിട്ടുണ്ടെങ്കിലും മുകൾഭാഗം കുന്നിൻ പ്രദേശമായതിനാൽ മഴക്കാലത്ത് വെള്ളം ഒഴുകി ഇവിടെയാണ് വന്നുപതിക്കുന്നത്. സ്ഥലത്തെ ക്ലബുകളും മറ്റ് പൊതുപ്രവർത്തകരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും പഞ്ചായത്തധികൃതർ കാര്യം ഗൗരവത്തിലെടുത്തിട്ടില്ല. കളിസ്ഥലത്തിനായി കണ്ടെത്തിയ സ്ഥലത്തിന്റെ മധ്യത്തിലൂടെ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്.
ഏഴു വർഷം മുമ്പ് പറഞ്ഞത് കോളിയടുക്കത്ത് പഞ്ചായത്ത് ഓഫിസിന് അടുത്തായി രാജീവ് ഗാന്ധി സ്റ്റേഡിയം നിർമിക്കുകയാണെന്നും അത് കഴിഞ്ഞാൽ മാത്രമേ പുതിയ പദ്ധതിയെ കുറിച്ച് ചിന്തിക്കാനാകൂവെന്നുമായിരുന്നു. എന്നാൽ, നാളിതുവരെയായിട്ടും ചിന്തിച്ചുകഴിഞ്ഞില്ലെന്നാണ് ബെണ്ടിച്ചാലിലെ കളി സ്നേഹികൾ ആരോപിക്കുന്നത്. 2025ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി വന്നാലെങ്കിലും ഇവിടെ ആധുനിക രീതിയിലുള്ള കളിസ്ഥലം വരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.