'ഇമ്മിണി ബല്യ അകലം' ഹ്രസ്വ സിനിമയുമായി കുട്ടികൾ
text_fieldsകാസർകോട്: കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിെൻറ കഥാപാത്രങ്ങളെ കോവിഡ് പശ്ചാത്തലത്തിൽ വായിക്കാൻ ശ്രമിക്കുകയാണ് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ സിനിമക്ക് അവർ സുൽത്താെൻറ ഭാഷയിൽതന്നെ പേരുമിട്ടു- 'ഇമ്മിണി ബല്യ അകലം'.
ഗ്രാമഫോണിൽ 'ഏകാന്തതയുടെ അപാര തീരം' എന്ന പാട്ട് കേട്ടുകൊണ്ട് ചാരുകസേരയിൽ മയക്കത്തിലായിരുന്ന ബഷീർ മതിലിനപ്പുറത്തുനിന്ന് തെൻറ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ശബ്ദം കേട്ടാണ് ഉണരുന്നത്. കഥകളിലെ 'മതിൽ' സിനിമയിൽ സാമൂഹിക അകലത്തിെൻറ പ്രതീകമായി വളരുന്നു. ആടിന് മാസ്ക് കെട്ടാൻ കഴിയാത്തതിലുള്ള വേവലാതിയുമായി പാത്തുമ്മ, കണ്ണിന് ബ്ലാക്ക് ഫംഗസ് വരുമെന്ന ഇബ്ലീസുകളുടെ പരിഹാസവുമായി ഒറ്റക്കണ്ണൻ പോക്കർ, ആകാശമിഠായി വാങ്ങാൻ ആകാശത്തേക്ക് വിമാനം കയറേണ്ടിവരുമെന്ന ആശങ്കയുമായി കേശവൻ നായരും സാറാമ്മയും. ഇങ്ങനെ പോകുന്നു കഥാപാത്രങ്ങളുടെ കോവിഡ് കാല വർത്തമാനം. രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീർ മതിലിനപ്പുറത്തെ സ്ത്രീ ജയിലിലെ നാരായണിയുമായുള്ള നഷ്ടപ്രണയത്തിെൻറ ദൃശ്യത്തോടെയാണ് സിനിമയുടെ തുടക്കം.
മനുഷ്യർ ജയിക്കുന്ന ലോകമുണ്ടാകണമെങ്കിൽ പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യരുണ്ടാകണം. കേന്ദ്ര കഥാപാത്രമായ ബഷീറിനെ ആറാം ക്ലാസിലെ ഋതുരാജ് അനായാസം അവതരിപ്പിച്ചു. ഒന്നാംതരത്തിലെ അക്ഷര കൃഷ്ണയാണ് കുഞ്ഞിപ്പാത്തു വായിച്ച് അഭിനയിച്ചത്. മീനാക്ഷി, രാജലക്ഷ്മി, ജിഷ്ണ, അതുൽ, ആദിത്യൻ, നിവേദ്, രോഹിത്ത്, ആകാശ്, വിശ്വജിത്ത് എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് വേഷം പകർന്നു. അധ്യാപകനും എഴുത്തുകാരനുമായ പ്രകാശൻ കരിവെള്ളൂരിേൻറതാണ് തിരക്കഥ. രാജേഷ് മധുരക്കാട്ട് സംവിധാനം നിർവഹിച്ചു. സന്ധ്യാ ബാലകൃഷ്ണൻ, ജുബിൻ ബാബു, വിഷ്ണുദത്തൻ, പ്രഥമാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ, പി. കുഞ്ഞിക്കണ്ണൻ, ജി. ജയൻ, പി. സജിത എന്നിവരാണ് അണിയറയിൽ. ബഷീർ ദിനാചരണ പരിപാടികൾ എം.എ. റഹ്മാൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.