രാത്രി നഗരഗതാഗതം തലങ്ങും വിലങ്ങും
text_fieldsകാസർകോട്: രാത്രിയിലെ നഗര ഗതാഗതം അപകടഭീഷണിയുയർത്തുന്നു. വാഹനങ്ങൾ തലങ്ങും വിലങ്ങും ദിശാബോധമില്ലാതെ പോകുകയാണ്. വൺവേ സംവിധാനം പാലിക്കാതെ വാഹനങ്ങൾ ഓടുന്നത് പതിവായി. അപകടം ഏതുവഴിയും കടന്നുവരാവുന്ന സ്ഥിതിയാണ്.
വൈകീട്ട് ഏഴുമണി കഴിഞ്ഞാലുള്ള സ്ഥിതിയാണിത്. വൺവേ ദിശ തെറ്റിച്ച് വരുന്ന വാഹനങ്ങൾ നഗരത്തിൽ ഏറെനേരം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ഹസീന നൗഷാദ് ആർ.ടി.ഒ -ട്രാഫിക് പൊലീസ് മേധാവികൾക്ക് സന്ദേശമയച്ചു.
നഗരത്തിലെ ട്രാഫിക് ജങ്ഷനിലെ സിഗ്നലുകളുടെ നിയന്ത്രണം രാത്രി ഏഴോടെ അവസാനിപ്പിക്കുമ്പോൾ റെയിൽവേ സ്റ്റേഷൻ റോഡ്, ബാങ്ക് റോഡ്, ഫോർട്ട് റോഡ് തുടങ്ങിയ പാതകളിൽനിന്നുള്ള വാഹനങ്ങളധികവും വൺവേ തെറ്റിച്ച് എം.ജി റോഡ് വഴി പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കുകയാണ്. ഇതുകാരണം ഈസമയം എം.ജി റോഡിൽ വലിയതോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
അത്യാവശ്യ യാത്രക്കാർക്ക് പുറമെ ആംബുലൻസ് വാഹനങ്ങൾ പോലും കുരുക്കിൽപെടുന്നത് പതിവാണ്. ദിശതെറ്റിച്ച് വരുന്ന വാഹനങ്ങൾ സാഹസികമായി എതിർവാഹനത്തെ വെട്ടിക്കുമ്പോൾ റോഡരികിൽ പാർക്ക് ചെയ്ത നിരവധി വാഹനങ്ങളിൽ ഉരസി കേടുപാട് സംഭവിക്കുന്നു.
ഇതുകരണം വാക്ക് തർക്കങ്ങളും സംഘർഷങ്ങളും പതിവാണ്. വ്യാപാരികളും കുരുക്കിൽ പ്രയാസപ്പെടുന്നു. രാത്രി പത്തുവരെ അനുഭവപ്പെടുന്ന കുരുക്കിന് പരിഹാരമുണ്ടാക്കാൻ വകുപ്പ് തലത്തിൽ നടപടി ഉണ്ടാവണമെന്ന അവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.