കാസർകോട് ജില്ല എൻ.സി.പിയിൽ കലഹം
text_fieldsകാസർകോട്: ജില്ല എൻ.സി.പിയിൽ നേതൃസ്ഥാനങ്ങളെ ചൊല്ലി കലഹം. ഒരുവിഭാഗം പാർട്ടിവിട്ടു. മാസങ്ങൾക്കു മുമ്പ് വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് തൃക്കരിപ്പൂരിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പങ്കെടുത്ത പൊതുയോഗത്തിൽ പാർട്ടി അംഗത്വം നേടിയവരാണ് പാർട്ടി വിട്ടവരിൽ ഏറെയും.
എൻ.സി.പി എൽ.ഡി.എഫ് ഭരണത്തിൽ പങ്കാളികളായ ശേഷം ജില്ല വനം വകുപ്പ് ഓഫിസുമായി ബന്ധപ്പെട്ട് നടത്തിയ സ്ഥലം മാറ്റങ്ങൾ വിവാദമായിരുന്നു. മികച്ച രീതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനെതിരെ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രതികരിക്കുകയുണ്ടായി.
ഇത് എൻ.സി.പിക്ക് അകത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചു. പുനഃസംഘടനയിൽ ജില്ല പ്രസിഡന്റ് രവി കുളങ്ങര പുറത്തായി. പകരം കരീം ചന്തേര പ്രസിഡന്റായി. അതിനിടയിലാണ് തൃക്കരിപ്പൂരിൽ പുതുതായി എൻ.സി.പിയിൽ ചേരുന്നവർക്ക് സ്വീകരണം നൽകിയത്.
മുസ്‍ലിംലീഗിലുണ്ടായിരുന്ന ഹാഷിം അരിയിലിന്റെ നേതൃത്വത്തിൽ ആയിരത്തോളം പേർ എൻ.സി.പിയിൽ ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചുരുക്കം ചിലർ മാത്രമേയുണ്ടായിരുന്നുള്ളു. ഇത് എൻ.സി.പി നേതൃത്വത്തെ ചൊടിപ്പിച്ചു. ഹാഷിമിനെ മാത്രം സംസ്ഥാന എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തി.
മറ്റുള്ളവർക്ക് കാര്യമായ സ്ഥാനങ്ങൾ നൽകിയുമില്ല. പാർട്ടിയിൽ ചേർന്ന് മാസങ്ങളായിട്ടും ഇവർ പടിക്കുപുറത്തുതന്നെയായിരുന്നു. 'സ്വന്തക്കാർക്ക് മാത്രമാണ് സ്ഥാനം നൽകിയത്. പരസ്പര ഐക്യം ഉണ്ടായിരുന്നില്ല. മതേതര പാർട്ടി എന്ന നിലയിലാണ് എൻ.സി.പിയിൽ ചേർന്നത്.
പാർട്ടിയിൽ ചേർന്നവരോട് നല്ല സമീപനമായിരുന്നില്ല. അതുകൊണ്ട് എൻ.സി.പി വിട്ടു'. എൻ.സി.പിയിൽ പ്രവാസി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന സി.കെ. നാസർ പറഞ്ഞു. നൂറോളം പ്രവര്‍ത്തകര്‍ എൻ.സി.പിയിൽനിന്ന് രാജിവെച്ച് ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു.
പാർട്ടി വിട്ടവർ എൻ.സി.പിക്കാരല്ലെന്ന് ജില്ല ജനറൽ സെക്രട്ടറി എം.വി. സുകുമാരൻ പറഞ്ഞു. ആയിരം പേരുമായി വരുന്നുവെന്ന് പറഞ്ഞവരുടെ കൂടെ പത്തുപേർ ഉണ്ടായിരുന്നില്ല. അവർ പാർട്ടിയിൽ സജീവവുമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.