കാസർകോട് ജില്ലയിലെ 11 സ്കൂളുകളില്‍ കാലാവസ്ഥ പഠനകേന്ദ്രം ഒരുങ്ങി
text_fieldsകാസർകോട്: ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും പത്രത്തിലൂടെയും മാത്രം അറിഞ്ഞിരുന്ന പ്രാദേശിക കാലാവസ്ഥ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കേരള സ്കൂള്‍ വെതര്‍ സ്റ്റേഷന് പദ്ധതിയിലൂടെ സ്വന്തമായി നിരീക്ഷിച്ച് കണ്ടെത്താൻ അവസരം. ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം ഓരോ ദിവസത്തെയും കാലാവസ്ഥാ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാം.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കുന്ന പദ്ധതിയായ കേരള സ്കൂള്‍ വെതര്‍ സ്റ്റേഷന് ജില്ലയിലെ 11 സ്കൂളുകളില്‍ തുടങ്ങി. പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കാലാവസ്ഥയെ കുറിച്ച് സ്കൂള്‍തലം മുതൽ ബോധവല്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സ്കൂള്‍ വെതര്‍ സ്റ്റേഷന് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 258 സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ സോഷ്യല്‍ സയന്‍സിന്റെയും ഭൂമി ശാസ്ത്രത്തിന്റെയും ഭാഗമായി പഠിക്കുന്ന കാലാവസ്ഥാ ശാസ്ത്രത്തിന് പദ്ധതി ഏറെ മുതല്‍ക്കൂട്ടാവും.
സ്കൂള്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന വെതര്‍ സ്റ്റേഷനില്‍ മഴ മാപിനി, മിനിമം മാക്സിമം തെര്‍മോമീറ്റര്‍, വെറ്റ് ആന്‍ഡ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍, വിന്‍ഡ് വെയിന്‍, അനിമോ മീറ്റര്‍ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് വെതര്‍ സ്റ്റേഷനിലെത്തുന്ന വിദ്യാര്‍ഥികള്‍ പ്രാദേശിക ദിനാവസ്ഥ വിവരങ്ങള്‍ കുറിച്ചെടുത്ത് പ്രത്യേകം തയ്യാറാക്കിയ വെതര്‍ ഡാറ്റാ ബുക്കില്‍ രേഖപ്പെടുത്തും.
സ്കൂളുകളിലെ ഭൂമിശാസ്ത്ര അധ്യാപകന് നേതൃത്വം നല്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലാവസ്ഥ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ്.
പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾ:
- ജി.എച്ച്.എസ്.എസ് ചീമേനി
- ജി.എച്ച്.എസ്.എസ് കുമ്പള
- ജി.എച്ച്.എസ്.എസ് കുണ്ടംകുഴി
- ജി.എച്ച്.എസ്.എസ് മൊഗ്രാല്‍പുത്തൂര്‍
- സി.കെ.എന്‍.എസ് ജി.എച്ച്.എസ്.എസ് പിലിക്കോട്
- സ്വാമിജീസ് എച്ച്.എസ്.എസ് എടനീര്‍
- ജി.എം.വി.എച്ച്.എസ്.എസ് തളങ്കര
- ജി.എച്ച്.എസ്.എസ് അംഗഡിമൊഗര്‍
- ജി.എച്ച്.എസ്.എസ് കൊട്ടോടി
- സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്.എസ്.എസ് കോട്ടപ്പുറം
- വി.പി.കെ.കെ.എച്ച്.എം എം.ആര് വി.എച്ച്.എസ്.എസ് പടന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.