കാസർകോട് എയിംസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; മാനുഷിക പരിഗണന വേണമെന്ന് ഉണ്ണിത്താൻ
text_fieldsകാസർകോട്: എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്ന ആവശ്യത്തോട് വീണ്ടും മുഖംതിരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ജില്ലയിൽ അനുവദിക്കാൻ ആവില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
എയിംസ് അനുവദിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്തി കേന്ദ്രസർക്കാറിന് കൈമാറണമെന്ന് യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരുകാരണവശാലും കാസർകോട്ട് എയിംസ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ എം.പി, കാസർകോട്ടുകാരോട് മാനുഷിക പരിഗണന കാണിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയിൽ എയിംസ് സ്ഥാപിക്കാൻ അവസാനശ്വാസം വരെ താൻ വാദിക്കുമെന്നും യോഗത്തിൽ അറിയിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി 'മാധ്യമ'ത്തോട് പറഞ്ഞു.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെങ്കിലും മുഖ്യമന്ത്രി കുലുങ്ങിയില്ല. കിനാലൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണെന്നറിയിച്ച അദ്ദേഹം, അവിടെ എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് എം.പിമാരോട് ആവശ്യപ്പെടുകയും ചെയ്തു
നിയമസഭയിൽ എൻ.എ. നെല്ലിക്കുന്നിന് രേഖാമൂലം നൽകിയ മറുപടിയിലും കാസർകോട്ട് എയിംസ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർകോട്ട് ബുധനാഴ്ച ബഹുജന റാലി പ്രഖ്യാപിച്ചിരിെക്കയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
- കുമ്പള റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ച് ടെർമിനൽ സ്റ്റേഷൻ ആക്കാനുള്ള നിർദേശം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി എം.പിക്ക് ഉറപ്പുനൽകി. നിലവിൽ കുമ്പള സ്റ്റേഷനിൽ 30 ഏക്കറിൽ കൂടുതൽ സ്ഥലം റെയിൽവേയുടെ കൈവശമുണ്ട്.
- നിർദിഷ്ട കാഞ്ഞങ്ങാട് -കാണിയൂർ പാത കേരളവും കർണാടകവും യോജിച്ച് പദ്ധതി നടപ്പിലാക്കുമ്പോൾ കേരളത്തിെൻറ വിഹിതം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
- എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷൻ പോലും മുടങ്ങിയ സാഹചര്യത്തിൽ സെൽ ചെയർമാനെ ഉടൻ നിയമിക്കാമെന്ന് മുഖ്യമന്ത്രി എം.പിക്ക് ഉറപ്പുനൽകി
- പ്രവാസികൾക്ക് ആർ.ടി.പി.സി.ആർ പരിശോധനക്ക് 2500 രൂപ ഈടാക്കുന്നതിനെ കുറിച്ച് സംസ്ഥാനം കേന്ദ്രസർക്കാറിെൻറ ശ്രദ്ധയിൽപെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.