തീരനിയമം: വലിയപറമ്പ നിവാസികൾ പ്രക്ഷോഭത്തിന്
text_fieldsതൃക്കരിപ്പൂർ: തീരപരിപാലന നിയമംമൂലം ദുരിതമനുഭവിക്കുന്ന വലിയപറമ്പ് പഞ്ചായത്ത് നിവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടേയും യോഗത്തിൽ തീരുമാനം. ഇതിനു മുന്നോടിയായി എം.പി, എം.എൽ.എമാരെ പങ്കെടുപ്പിച്ച് ബഹുജന സമരപ്രഖ്യാപന കൺവെൻഷൻ ഈ മാസം രണ്ടാംവാരം നടത്തും. നിയമത്തിൽ ഇളവ് ലഭിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനമായി.
നിലവിൽ 3ബി കാറ്റഗറിയിലാണ് വലിയപറമ്പ് പഞ്ചായത്ത് ഉൾപ്പെടുന്നത്. വലിയപറമ്പ് ഉൾപ്പെടെ കേരളത്തിലെ 175 പഞ്ചായത്തുകളെ കാറ്റഗറി-രണ്ടിലേക്ക് മാറ്റണമെന്ന് കേരള സർക്കാർ കരട് നിർദേശം സമർപ്പിച്ചെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തള്ളുകയായിരുന്നു. ജനസാന്ദ്രത കൂടിയ പഞ്ചായത്തുകളെ സെൻസസ് ടൗൺഷിപ് പഞ്ചായത്തായി അംഗീകരിക്കണമെന്നാണ് കേരളം നിർദ്ദേശം സമർപ്പിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. നാരായണൻ, കെ.പി. ബാലൻ, ഉസ്മാൻ പാണ്ഡ്യാല, എം.ടി. അബ്ദുൽ ജബ്ബാർ, ഒ.കെ. ബാലകൃഷ്ണൻ, മധുസൂദനൻ കാരണത്ത്, എം. ഭാസ്കരൻ, പി.പി. അപ്പു, കെ.പി. അബ്ദുൽ ഷുക്കൂർ ഹാജി, മെംബർമാരായ സി. ദേവരാജൻ, എം. ഹസീന, എം. താജുന്നിസ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ഖാദർ പാണ്ട്യാല എന്നിവർ സംസാരിച്ചു.
ജനകീയ കമ്മിറ്റി ഭാരവാഹികൾ: വി.വി. സജീവൻ (ചെയർ), എം.ടി. അബ്ദുൽ ജബ്ബാർ (ജന.കൺ.), സി. നാരായണൻ, ഉസ്മാൻ പാണ്ട്യാല, കെ. അശോകൻ (വൈ.ചെയ.), ഒ.കെ. ബാലകൃഷ്ണൻ, മധുസൂദനൻ കാരണത്ത്, എം. ഭാസ്കരൻ, കെ. ഭാസ്കരൻ (ജോ.കൺ.), ഖാദർ പാണ്ട്യാല (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.