തീരം കടലെടുക്കുന്നു ഭീതിയോടെ തീരദേശവാസികൾ
text_fieldsമൊഗ്രാൽ: കുമ്പള ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയായ മൊഗ്രാൽ നാങ്കി കടപ്പുറം മുതൽ കൊപ്പളം വരെയുള്ള തീരം കടൽക്ഷോഭത്തിൽ ഇല്ലാതാവുന്നു. കടൽഭിത്തി നിർമാണത്തിനായി എത്തിച്ച കല്ലുകൾ വിവാദങ്ങളെതുടർന്ന് തീരത്ത് ഉപേക്ഷിച്ച നിലയിലുമാണ്.
നാങ്കി കടപ്പുറത്ത് ചെറുകിട ജലസേചന വകുപ്പ് ഫണ്ട് ഉപയോഗപ്പെടുത്തി ഏതാനും മാസം മുമ്പ് കടൽഭിത്തി നിർമിക്കാനുള്ള ശ്രമത്തെ മത്സ്യത്തൊഴിലാളികളായ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഇതിനായി ഇറക്കിയ കല്ലുകൾ തീരം കടലെടുക്കുമ്പോഴും നോക്കുകുത്തിയായി നിൽക്കുന്നു. ചെറിയ കല്ലുകൾ പാകി നിർമിക്കുന്ന കടൽഭിത്തികൾ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ പ്രവൃത്തി തടഞ്ഞത്. ജില്ലയിൽ തീരദേശ മേഖലയിൽ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. പലയിടങ്ങളിലും 200 മീറ്റർവരെ തീരം കടലെടുത്തു കഴിഞ്ഞു. നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുമുണ്ട്. കാസർകോട് ചേരങ്കൈ, കുമ്പള തീരമേഖലകളിൽ ചെറിയ കല്ലുകൾകൊണ്ട് നിർമിച്ച കടൽഭിത്തികൾ ഇപ്പോൾ കാണാനേയില്ല. മൊഗ്രാൽ നാങ്കി കടപ്പുറത്ത് അവശേഷിച്ചിരുന്ന 100 മീറ്ററോളമുള്ള കടൽഭിത്തി ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നു. രൂക്ഷമായ കടലാക്രമണമാണ് ഈ പ്രദേശം നേരിടുന്നത്.
കുമ്പളയിൽ തന്നെ കോയിപ്പാടി, പെർവാഡ് കടപ്പുറം പ്രദേശത്ത് കടലാക്രമണത്തെ ചെറുക്കാൻ ജിയോ ബാഗ് സ്ഥാപിക്കാനുള്ള അധികൃതരുടെ നടപടി ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. കാലവർഷം കനക്കുന്നതോടെ വർഷാവർഷം ഭീതിയോടെയാണ് തീരദേശവാസികൾ കഴിഞ്ഞുകൂടുന്നത്. കടൽക്ഷോഭം നേരിടാൻ ശാസ്ത്രീയ മാർഗങ്ങളാണ് ആലോചിക്കേണ്ടതെന്ന് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ പറയുന്നു. കരാറുകാർക്ക് പണമുണ്ടാക്കാൻ മാത്രം ഉപകരിക്കുന്ന കടൽഭിത്തികൾ നിർമിക്കാനാണ് അധികൃതർക്ക് താല്പര്യമെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി. അതിനിടെ, ജില്ല കലക്ടറുടെ തീരദേശ സന്ദർശനത്തിനിടെ പലയിടങ്ങളിലും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുന്നത് തീരമേഖലയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.