തീരദേശ സുരക്ഷ: ‘സമഗ്ര പഠനം വേണം’
text_fieldsമൊഗ്രാൽ: ജില്ലയിലെ കടലോരജനതയുടെ സുരക്ഷക്ക് സമഗ്രമായ പഠനവും ശാസ്ത്രീയമായ പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി.
കാലവർഷം തുടങ്ങിയാൽ കടലോരവാസികളുടെ നെഞ്ചിടിക്കും. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികളുടെ ദുരിതകാഴ്ചയാണ് കടലോരമേഖലയിൽ കാണാനാകുന്നത്. തീരം തീരദേശവാസികൾക്ക് സുരക്ഷിതമല്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു.
മഞ്ചേശ്വരം മുതൽ വലിയപറമ്പുവരെ ഏകദേശം 85 കിലോമീറ്റർ കടൽതീരത്ത് വർഷാവർഷം കടലാക്രമണംമൂലം തീരം 200 മുതൽ 300 മീറ്ററുകളോളം കടലെടുക്കുന്ന കാഴ്ചയാണ്. വീടുകളും തെങ്ങുകളും റോഡുകളും കടലാക്രമണത്തിൽ തകർന്നുവീഴുന്നു. ഇതുമൂലം ഓരോവർഷവും കടലോര മേഖലയിൽ കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. കടലാക്രമണം രൂക്ഷമായ ചിലയിടങ്ങളിൽ പ്രളയത്തിന് സമാനമായ അവസ്ഥയാണ്.
കടലാക്രമണം ചെറുക്കാൻ ചെറുതും വലുതുമായ കുറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും കടലേറ്റത്തെ ചെറുക്കാനുള്ള ശേഷിയില്ല. സർക്കാർഖജനാവിലെ കുറെ പണം വർഷാവർഷം കടലിലിട്ട് കളയുന്നുവെന്നുമാത്രം.
2017ൽ ജില്ലയിൽ തീരദേശജനതയുടെ ദുരിതമറിയാൻ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ നിയമസഭാസമിതി സന്ദർശിച്ചിരുന്നു. ദുരിതം നേരിട്ടു മനസ്സിലാക്കിയിട്ടും ശാസ്ത്രീയമായ ഒരു പദ്ധതിപോലും നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.
വർഷംതോറുമുള്ള കടൽക്ഷോഭത്തിന് ദുരിതംപേറാൻ ഇനിയും കടലോരജനതക്ക് ശക്തിയില്ല. കാലവർഷം തുടങ്ങിയാൽ കടലിന്റെ ഒച്ച കേട്ട് ഉറക്കമില്ലാത്ത രാത്രികളാണ് കടലോരനിവാസികളുടേത്.
അതുകൊണ്ടുതന്നെ കേന്ദ്രസർക്കാറിന്റെ സമഗ്രവും ശാസ്ത്രീയവുമായ തീരപരിപാലന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെടുന്നത്. ഇതിനായി എം.പിമാർ അടങ്ങുന്ന കേന്ദ്രസംഘം തീരപ്രദേശം സന്ദർശിക്കുകയും ജനങ്ങളുടെ ദുരിതം നേരിട്ട് മനസ്സിലാക്കുകയും വേണമെന്ന് ദേശീയവേദി ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.