വീട് നിർമാണത്തിന് ഇളവില്ല; അദാനിക്ക് തീരദേശ നിയമത്തിൽ ഇളവ്
text_fieldsകാസർകോട്: നൂറുകണക്കിന് സാധാരണക്കാർക്ക് വീട് നിർമിക്കാൻപോലും അനുമതി നിഷേധിച്ച് കർശനമായി നിലനിർത്തുന്ന തീരദേശ നിയമത്തിൽ അദാനിയുടെ കമ്പനിക്ക് ഇളവ് നൽകി കേന്ദ്ര സർക്കാർ. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്(ഐ.ഒ.എ.ജി.പി.എൽ) തീരദേശം വഴി പൈപ്പിടാൻ അനുമതി നൽകി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചത്. ഫെബ്രുവരി രണ്ടിന് ഇത് പൊതുജനങ്ങളെ അറിയിച്ച് മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചു. ഈ ക്ലിയറൻസ്, 2011ലെ തീരദേശ നിയന്ത്രണ വിജ്ഞാപനവും തുടർന്നുള്ള എല്ലാ ഭേദഗതികളും മറികടക്കാനുള്ളതാണെന്നാണ് അറിയിപ്പ്.
തീരദേശത്ത് 200 മീറ്ററിൽ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ച് തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസെഡ്) നിയമം വന്നതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ 50 മീറ്ററാക്കി ചുരുക്കി 66 വാർഡുകളെ സോൺ രണ്ടിൽപെടുത്തി നഗര പഞ്ചായത്തുകൾ എന്ന നിലക്ക് ഇളവ് നൽകിയിരുന്നു. ഇവിടങ്ങളിൽ കടലിൽനിന്ന് 50 മീറ്റർ പരിധിയിൽ 3228 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങൾ പണിയാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകാമെന്നാണ് ഇളവ്. എന്നാൽ, എല്ലാ തീരദേശ പഞ്ചായത്തുകളിലുമായി വീടെടുക്കാൻ അനുമതി കാത്തിരിക്കുന്ന ആയിരങ്ങളാണുള്ളത്. ഇവർക്കൊന്നും ഇളവില്ലാതിരിക്കെയാണ് അദാനിക്ക് പ്രത്യേക ഉത്തരവിലൂടെ തീരം തുറന്നിട്ടുകൊടുത്തത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 66 വാർഡുകളാണ് സോൺ രണ്ടിലുൾപ്പെട്ടത്. ഇതിൽ 22 പഞ്ചായത്തുകളും കോഴിക്കോടാണ്. തൃശൂരിലെ ഒരു പഞ്ചായത്തിനു മാത്രമേ ഇളവ് ലഭിച്ചുള്ളൂ. കൊല്ലത്തും കോട്ടയത്തും ഒരു പഞ്ചായത്തുപോലും സോൺ രണ്ടിലുൾപ്പെട്ടിട്ടില്ല. നഗരസ്വഭാവമുള്ളതായി സംസ്ഥാനം കണ്ടെത്തി ശിപാർശ ചെയ്ത 66 വാർഡുകളെയാണ് കേന്ദ്രം സോൺ രണ്ടിൽ ഉൾപ്പെടുത്തിയത്.
കാസർകോട് ജില്ലയിൽ കുമ്പള, മംഗൽപാടി, മഞ്ചേശ്വരം മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ നിയന്ത്രണം ബാധിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് ലഭിക്കാത്ത ഇളവ് അദാനിക്കു മാത്രം നൽകുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.