അങ്കത്തിനിടെ പിടിയിലായ കോഴികൾക്ക് പൊലീസ് സ്റ്റേഷനിൽ പരമസുഖം
text_fieldsകാഞ്ഞങ്ങാട്: അങ്കം മുറുകുന്നതിനിടെ പിടിയിലായ കോഴിപ്പൂവന്മാർക്ക് ബേഡകം പൊലീസ് സ്റ്റേഷനിൽ പരമസുഖം. ബുധനാഴ്ച വൈകീട്ട് കുറ്റിക്കോൽ പ്ലാവ് മാളത്ത് ഒരുസംഘം കോഴിയങ്കം നടുത്തുന്നതിനിടെയാണ് അഞ്ച് കോഴികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച സമയം വൈകിയതിനാൽ അന്ന് കോഴികളെ പൊലീസിന് കോടതിയിൽ ഹാജരാക്കാനായില്ല. വാവ് പ്രമാണിച്ച് കോടതി അവധിയായതിനാൽ വ്യാഴാഴ്ചയും കോഴികളെ കോടതിയിൽ എത്തിക്കാൻ പൊലീസിനായില്ല. രണ്ടു ദിവസം കോഴിപ്പൂവന്മാർ സുഖമായി സ്റ്റേഷനിൽ കഴിഞ്ഞു.
സ്റ്റേഷൻ വളപ്പിൽ കെട്ടിയിട്ട് സൂക്ഷിച്ച അഞ്ച് കോഴികൾക്കും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകാൻ നിയമപാലകർ മറന്നില്ല. രണ്ടു ദിവസത്തെ കാക്കിപ്പടക്കൊപ്പമുള്ള വാസത്തിനുശേഷം ഇന്ന് അങ്കക്കോഴികളെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അതേസമയം കോഴിയങ്കം നടത്തിയതിന് എട്ടുപേർക്കെതിരെ കേസെടുക്കുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുളിയാറിലെ വി. തമ്പാൻ (46), കുണ്ടംകുഴിയിലെ കെ. ജയപ്രകാശ് (41) കുറ്റിക്കോലിലെ സി. കമലാക്ഷൻ (52) മുളിയാറിലെ തമ്പാൻ (60) എന്നിവരാണ് അറസ്റ്റിലായത്. 8820 രൂപയും കോഴിയങ്ക സ്ഥലത്തുനിന്ന് പൊലീസ് പിടികൂടി. മൂന്നുപേർ ഓടിരക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.