കലക്ടറേറ്റ് വളപ്പ് അഥവാ അനാഥ വാഹനങ്ങളുടെ പറമ്പ്
text_fieldsകാസർകോട്: കലക്ടറേറ്റ് വളപ്പിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷന്റെ അധീനതയിലുള്ള സ്ഥലത്തും കലക്ടറേറ്റ് വളപ്പിലും അനാഥമായിക്കിടക്കുന്നത് നിരവധി വാഹനങ്ങൾ.
എൽ.ഡി.പി.എസ്-പൂഴിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇത്തരത്തിൽ ആർക്കും വേണ്ടാതെ നശിക്കുന്നത്. 2016ന് മുമ്പുള്ള വാഹനങ്ങൾവരെ ഇക്കൂട്ടത്തിലുണ്ട്. കേസിൽപെട്ട പല വാഹനങ്ങളും വിട്ടുകിട്ടാൻ അതിന്റെ ഉടമകൾ തയാറാവാത്തതിനാലാണ് വാഹനങ്ങൾ കൂട്ടിയിടേണ്ടിവരുന്നതെന്ന് അധികൃതർ പറയുന്നു.
ചില വാഹനങ്ങളുടെ ഉടമകൾക്ക് പലപ്രവശ്യം നോട്ടീസ് നൽകിയിട്ടും വരാത്തതിനാൽ ലേലത്തിനുവേണ്ടി എ.ആർ ക്യാമ്പിലേക്ക് അയച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷങ്ങളിൽ പിടിച്ച വാഹനങ്ങളിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലേ അടുത്തനടപടി ആലോചിക്കാൻ പറ്റുകയുള്ളൂ. പൂഴിക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങി നിയമവിരുദ്ധമായ കാര്യങ്ങളിൽ പിടിക്കപ്പെടുന്ന പലവാഹനങ്ങൾക്കും പലപ്പോഴും ഒരു രേഖയും ഉണ്ടാവില്ല. ഇതും വണ്ടികൾ അനാഥമായിക്കിടക്കാൻ കാരണമാണ്.
ഇതിനാൽ വലിയ പിഴ കെട്ടി ഇവ തിരിച്ചെടുക്കാൻ ഉടമകളും തയാറാകുന്നില്ല.മുൻകാലങ്ങളിൽ ചെറിയതുക പിഴ ഒടുക്കിയാൽ കേസുകളിൽപെട്ട വാഹനങ്ങൾ എടുത്തുപോകാം. ഇന്ന് 50000 രൂപയോളമാണ് ഇത്തരത്തിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് പിഴയിനത്തിൽ നൽകേണ്ടത്.മെയിന്റനൻസ് വർക്കും പിഴയും എല്ലാം കൂട്ടിനോക്കിയാൽ ഉടമകൾ നഷ്ടം സഹിച്ച് ഈ വാഹനങ്ങൾ എടുക്കാനും തയാറാകുന്നില്ല.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിസരത്തായി എൽ.എസ്.ജി.ഡി കെട്ടിടത്തിനടുത്തുവരെയായി നിരവധി വാഹനങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. എത്രയുംപെട്ടെന്ന് ഈ വാഹനങ്ങൾ മാറ്റാനുള്ള നടപടിയുണ്ടാകണമെന്നും തൂക്കിവിൽക്കാൻ പറ്റുന്നവ അത്തരത്തിൽ ചെയ്ത് സർക്കാറിലേക്ക് വരവുവെക്കണമെന്നുമാണ് പൊതുപ്രവർത്തകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.