പൊലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാവ് കോടതിയില്‍
text_fieldsകാസര്‍കോട്: പൊലീസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാവ് ഹൈകോടതിയില്‍ ഹരജി നല്കി. അംഗഡിമൊഗര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തിലാണ് മാതാവ് സഫിയ നഷ്ടപരിഹാരം തേടി ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് സര്‍ക്കാറിന്റെ വിശദീകരണം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ആഗസ്ത് 25നാണ് സംഭവം. സ്കൂളിലെ ഓണാഘോഷത്തിനിടെ മുഹമ്മദ് ഫര്‍ഹാസും മൂന്ന് സഹപാഠികളും ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുന്നതിനിടെയാണ് സംഭവം. പൊലീസ് വിടാതെ കാറിനെ പിന്തുടരുകയാണുണ്ടായത്. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി വേഗത്തില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതിനിടെ മുഹമ്മദ് ഫര്‍ഹാസ് മരിച്ചുവെന്ന് ഹരജിയില്‍ പറയുന്നു.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി ഗതാഗതക്കുറ്റങ്ങള്‍ കണ്ടെത്തണമെന്ന് ഡി.ജി.പി 2012ല്‍ നിര്‍ദേശം നല്‍കിയിരുന്നു. 2019 ല്‍ ഹൈകോടതിയും ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.എന്നാല്‍, പൊലീസ് ഇത് ലംഘിച്ച് കാറിനെ പിന്തുടര്ന്നതിനാലാണ് മകന് മരിച്ചതെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ലഭിക്കണമെന്നും ഹരജിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.