എം.ജി റോഡിലെ ഈ മരങ്ങൾ ചതിക്കുമോ?
text_fieldsകാസർകോട്: എം.ജി റോഡിലെ വലിയ മരങ്ങൾ കാറ്റടിച്ചാൽ ചതിക്കുമോയെന്ന ആശങ്ക ശക്തം. വേനലിൽ തണലേകുന്ന മരങ്ങളാണെങ്കിലും കാറ്റും മഴയും ശക്തമാവുമ്പോൾ ഇതുവഴി സഞ്ചരിക്കുന്നവർക്ക് നെഞ്ചിടിപ്പാണ്.
പടർന്നു പന്തലിച്ച കൂറ്റൻ മരങ്ങളുടെ കൊമ്പുകൾ പൊട്ടിവീഴുമോ എന്നാണ് ആശങ്ക. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനുമേൽ മരക്കൊമ്പ് പൊട്ടി വീണിരുന്നു. ചെറിയൊരു കാറ്റിലാണ് വലിയ കൊമ്പ് പൊട്ടിയത്.
ബൈക്കുകാരൻ നിസ്സാര പരിക്കുപോലുമേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സമീപത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടുകൾപറ്റി. യാത്രക്കാരൊന്നും കടന്നുപോവാത്ത സമയമായതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. തൊട്ടടുത്ത് ട്രാഫിക് സിഗ്നൽ കൂടിയുള്ളതിനാൽ ഈ മരച്ചുവട്ടിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ നേരം നിർത്തിയിടാറുണ്ട്.
ഉണങ്ങിയ ചില്ലകൾ ഒന്നും മരത്തിൽ കാര്യമായില്ല. എങ്കിലും വലിയ കാറ്റിൽ കൊമ്പ് പൊട്ടുമോയെന്ന പേടിയുണ്ടെന്ന് ഒരു ടാക്സി ഡ്രൈവർ പറഞ്ഞു. മഴക്കാലം കണക്കിലെടുത്ത് അപകട ഭീഷണിയുള്ള മരങ്ങളും കൊമ്പുകളും മുറിച്ചുമാറ്റാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിരുന്നു. ഒട്ടേറെ കാൽനടക്കാരും കടന്നുപോകുന്ന വഴിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.