ഫുട്ബാൾ സ്ഥലത്ത് സംഘർഷം; കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പല്ല് പൊട്ടി
text_fieldsകാഞ്ഞങ്ങാട്: ഫുട്ബാൾ മത്സര സ്ഥലത്ത് സംഘർഷമുണ്ടാക്കുകയും പൊലീസിനു നേരെ അക്രമം നടത്തുകയും ചെയ്ത കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറായ മുസ്ലിം ലീഗ് നേതാവടക്കം കല്ലൂരാവി ബാവനഗർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പല്ല് പൊട്ടി. പള്ളത്ത് കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം. കല്ലൂരാവി ബാവ നഗറിന്റെ ടീം കളി കാണാൻ വന്നവരുമായുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിലേർപ്പെട്ടവരെ പൊലീസ് പിന്തിരിപ്പിച്ച ശേഷം റോഡിലെത്തിയ ബാവ നഗർ ടീമിനൊപ്പമുള്ള 50 ഓളം പേർ സംഘടിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു.
ബേക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രശോഭിനാണ് കല്ലേറിൽ പല്ല് പൊട്ടിയത്. പരിക്കേറ്റ പ്രശോഭ് ചികിത്സയിലാണ്.
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ബാവനഗറിലെ സി.കെ. അഷറഫിനെ സംഭവസ്ഥലത്തുനിന്ന് ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ബാവനഗർ സ്വദേശികളായ അമീറലി (21), മുഹമ്മദ് ഇംതിയാസ് (24) എന്നിവരും അറസ്റ്റിലായി. ഇരുവർക്കുമെതിരെ പൊലീസിനെ ആക്രമിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. സംഘർഷ സ്ഥലത്ത് തമ്പടിച്ചതിനാണ് അഷറഫിനെതിരെ കേസെടുത്തത്. ടീം മാനേജർ ബാവനഗറിലെ മൊയ്തുവടക്കം 50 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. സ്ഥലത്ത് ഏറെനേരം സംഘർഷം നിലനിന്നു. ഒരു സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.