പ്രതിയുടെ വിവാഹസൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ; അന്വേഷണ റിപ്പോർട്ടിൽ നടപടിക്ക് നിർദേശം
text_fieldsകാസർകോട്: കല്യോട്ട് ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നൽകിയ പരാതിയിൽ കെ.പി.സി.സി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചൊവ്വാഴ്ച കൈമാറും.
കല്യോട്ടെയും പെരിയയിലെയും കോൺഗ്രസ് പ്രവർത്തകരുടെ മൊഴികൾ കുറ്റാരോപിതർക്കെതിരാണ്.ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് സമിതിയുടെ റിപ്പോർട്ട്.
ഇതിൽ നിർണായകമായത് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബാംഗങ്ങളുടെ മൊഴികളാണ്. കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും ഏറെ വേദനയോടെയാണ് മൊഴി നൽകിയതെന്ന് അന്വേഷണ സമിതി പറഞ്ഞു.
പ്രവർത്തകരുടെ വികാരവും രൂക്ഷമായിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി മേയ് 29, 30 തീയതികളിലാണ് തെളിവെടുപ്പ് നടത്തിയത്. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു.ഡി.എഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയർമാൻ രാജൻ പെരിയ, മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ എന്നിവർക്കെതിരെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പരാതി.
അന്വേഷണ സമിതി 38 പേരിൽനിന്നാണ് മൊഴിയെടുത്തത്. റിപ്പോർട്ട് ഇന്ന് നൽകുമെന്ന് അംഗം. എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. വോട്ടെണ്ണുന്നതിനുമുമ്പ് റിപ്പോർട്ട് നൽകുമെന്നാണ് സമിതി ആദ്യം അറിയിച്ചത്.
എന്നാൽ, വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന് കടുത്ത നടപടിയെടുക്കുന്നതിനോട് വിയോജിപ്പുള്ള നേതാക്കൾ കെ.പി.സി.സിയിലും എ.ഐ.സി.സിയിലും ഉണ്ട്. പുറത്താക്കണമെന്ന ആവശ്യമാണ് രാജ്മോഹൻ ഉണ്ണിത്താൻ മുന്നോട്ടുവെച്ചത്. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ സമവായ സാധ്യതക്കുള്ള ശ്രമവും നടന്നിരുന്നു.
ഇരട്ടക്കൊല കേസ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വൈകാരികമായതുകൊണ്ട് അന്വേഷണ സമിതിയും ത്രിശങ്കുവിലായി. തുടർന്നാണ് വോട്ടെണ്ണൽ കഴിയാൻ കാത്തിരുന്നത്. ഉണ്ണിത്താന്റെ ‘കരുത്ത്’ തെളിഞ്ഞശേഷം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്ന നിഗമനത്തിലെത്തുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷത്തോടെ വിജയം നേടി ഉണ്ണിത്താൻ കരുത്താർജിച്ചത് നടപടിയിൽ വിട്ടുവീഴ്ചസാധ്യതക്ക് മങ്ങലേൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.