നിരന്തരമായ റെയ്ഡ്; കാസർകോട് ക്രഷറുകളും ക്വാറികളും ഇന്നുമുതൽ അടച്ചിടും
text_fieldsകാസർകോട്: വിജിലൻസും പൊലീസും ഉൾപ്പെടെ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ നിരന്തരം ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് ക്രഷറുകളും ക്വാറികളും തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും.
ദേശീയപാത വികസനവും നാട്ടിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും ഇതോടെ സ്തംഭിക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കുമായി പൂർണമായി സഹകരിക്കാനും മുഴുവൻ ക്രഷറുകളും ക്വാറികളും അടച്ചിടാനും എൻവയൺമെന്റൽ ക്ലിയറൻസ് ഹോൾഡേഴ്സ് അസോസിയേഷൻ കാസർകോട് ജില്ല കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് സി. നാരായണൻ അധ്യക്ഷത വഹിച്ചു.
ടിപ്പർ, ടോറസ് വാഹനങ്ങൾ അകാരണമായി പിടികൂടി വലിയ തുക പിഴ ചുമത്തി ലൈസൻസ് റദ്ദാക്കുന്നതിൽ പ്രതിഷേധിച്ചാണ് ക്രഷർ ക്വാറി ഉടമകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം 21ന് ഒരു ദിവസം സ്ഥാപനങ്ങൾ അടച്ചിട്ട് ഉടമകൾ സൂചന പണിമുടക്ക് നടത്തിയിരുന്നു.
ഒരു വാഹനത്തിന് അര ലക്ഷവും മുക്കാൽ ലക്ഷവും മറ്റുമാണ് പിഴ ചുമത്തുന്നത്. പരിസ്ഥിതി അനുമതിക്കായി ക്വാറി ഉടമകൾ നൽകിയ അപേക്ഷകളിൽ മൂന്നുവർഷമായിട്ടും തീരുമാനം എടുത്തിട്ടില്ല.
സ്ഥാപനങ്ങൾക്കെതിരെ പരാതി ഉണ്ടായാൽ വിശദീകരണം തേടുകയോ വ്യക്തമായ അന്വേഷണം നടത്തുകയോ ചെയ്യാതെ സ്റ്റോപ് മെമ്മോ നൽകുന്ന പ്രവണത വർധിച്ചു വരുകയാണ്. സർക്കാർ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് പാറ ഖനനത്തിന് അനുമതിക്കായി ലേല സമ്പ്രദായം ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദ് ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വാഹനങ്ങളിൽ കയറ്റുന്ന കരിങ്കൽ ഉൽപന്നത്തിന്റെ അളവിന് മുഴുവൻ ജിയോളജി പാസ് നൽകുക, പകൽ സമയങ്ങളിൽ നാല് മണിക്കൂർ ടിപ്പർ ലോറികൾ റോഡിലിറങ്ങുന്നതിനുള്ള നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.
യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി ഡാവിസ് സ്റ്റീഫൻ, ജോ. സെക്രട്ടറി ടി. കെ. ഹനീഫ, ജില്ല രക്ഷാധികാരി നാഗരാജ് കാഞ്ഞങ്ങാട്, പ്രതീഷ്, ജയ്ഞ്ചൽ, അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.