ചെലവായത് ലക്ഷങ്ങൾ; എന്നിട്ടും ബദിയടുക്ക ടൗൺഹാൾ നിർമാണം പാതിവഴിയിൽ
text_fieldsബദിയടുക്ക: ലക്ഷങ്ങൾ ചെലവായിട്ടും ബദിയടുക്ക ടൗൺഹാൾ നിർമാണം പാതിവഴിയിൽ. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ബദിയടുക്ക പഞ്ചായത്ത് ഭരണസമിതി തുടങ്ങിവെച്ച ടൗൺ ഹാൾ നിർമാണമാണ് പൂർത്തികരിക്കാൻ വൈകുന്നത്. 2003 ലാണ് 40 ലക്ഷം രൂപ ചെലവാക്കി കെട്ടിട നിർമാണം തുടങ്ങിയത്. പകുതിയിലായ ബോൾകട്ടയിലെ പഞ്ചായത്ത് ടൗൺഹാൾ നിലവിൽ കാടുകയറി നശിക്കുകയാണ്. കെട്ടിടത്തിനകം രാപകൽ വ്യത്യാസമില്ലാതെ സാമുഹ്യദ്രോഹികളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. കെട്ടിട നിർമാണ തുടക്കത്തിൽതന്നെ കെട്ടിട നിർമാണത്തിൽ ക്രമക്കേടിനെ കുറിച്ച് അഴിമതി ആരോപണം ഉയർന്നതോടെ വിജിലന്‍സ് അന്വേഷണം വന്നു. ഇതോടെ നിർമാണത്തിൽ മെല്ലെപ്പോക്കായി. ഇതിനിടക്ക് കെട്ടിടത്തിന്റെ പേരില്‍ വീണ്ടും കടമെടുക്കുന്നു എന്നത് ഭരണസമിതിയിൽ ശക്തമായ എതിർപ്പിനിടയാക്കി. ഫയലുകൾ വിജിലൻസിന്റെ കൈയിലായതോടെ ടൗൺഹാൾ നിർമാണം പകതിയിൽ നിലച്ചു. എന്നാൽ വിജിലൻസിന്റെ അന്വേഷണത്തിൽ ചെലവഴിച്ച തുകയെക്കാൾ നിർമാണം നടന്നതായി കണ്ടെത്തിയതായും, വിജിലൻസ് അന്വേഷണം തീർപ്പു കൽപ്പിച്ചതായും പഞ്ചായത്ത് ഭരണസമിതി പറയുന്നു.
ടൗൺഹാളിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ഏതാനും വർഷമായി പഞ്ചായത്ത് ഭരണസമിതി വാർഷിക ബജറ്റിൽ പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്നതല്ലാതെ മറ്റ് നടപടിയൊന്നും ഉണ്ടാകുന്നില്ല. ടൗൺഹാളിന്റെ പണി പൂർത്തീകരിച്ചാൽ ബദിയടുക്ക പഞ്ചായത്തിന്റെ സാമ്പത്തിക വരുമാനത്തിനുതന്നെ അത് മുതൽക്കൂട്ടാകും. വരുമാനമുണ്ടാക്കാൻ പഞ്ചായത്തിന്റെ തോട് ലീസിന് നൽകാൻ തീരുമാനം കൈക്കൊണ്ട ഭരണസമിതി പഞ്ചായത്ത് ഓഫീസിന് തൊട്ടുതാഴെയുള്ള വരുമാന പദ്ധതിയായ ടൗൺഹാൾ നിർമാണം പാടെ അവഗണിക്കുന്നതായയാണ് ആക്ഷേപം.
അതേസമയം, ടൗൺഹാളിന്റെ നിർമാണം പൂർത്തിയാക്കാൻ ഫണ്ട് ലഭ്യമാക്കാൻ എം.പി, എം.എൽ.എ എന്നിവരെ സമീപിക്കാനാണ് ആലോചിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.