കൊപ്പളം റെയിൽവേ അണ്ടർ പാസേജ് നിർമാണം പാതിവഴിയിൽ
text_fieldsമൊഗ്രാൽ: മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർ പാസേജ് നിർമാണം പാതിവഴിയിലായതോടെ ദുരിതത്തിലായി വിദ്യാർഥികളും രക്ഷിതാക്കളും. നിർമാണ കമ്പനിയുടെ അനാസ്ഥമൂലമാണ് നടപടി വൈകുന്നത്. മഴ കനത്താൽ പുഴയോര റോഡിൽ വെള്ളം കയറുന്നതുമൂലം ഓട്ടോകൾ യാത്രക്ക് തയാറാകാത്തതിനാൽ സ്കൂൾ കുട്ടികൾക്ക് യഥാസമയം സ്കൂളിലെത്താൻ പറ്റുന്നില്ല.
ഇതുമൂലം ഇരട്ട റെയിൽപാത കടന്നുവേണം സ്കൂളിൽ പോകാൻ. ഇത് രക്ഷിതാക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കുട്ടികളെ റെയിൽപാളം കടത്തിവിടാൻ രക്ഷിതാക്കൾ രാവിലെയും വൈകീട്ടും പെടാപ്പാട് പെടുകയാണ്.
കൊപ്പളം അണ്ടർ പാസേജ് നിർമാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ജോലികൾ പാതിവഴിയിലാണ്. ഏറ്റെടുത്ത നിർമാണ കമ്പനിക്ക് തോന്നുമ്പോഴാണ് ജോലി. നാട്ടുകാർ വിളിച്ച് നിർമാണ കമ്പനി അധികൃതരോട് ക്ഷോഭിച്ചാൽ മാത്രം നാല് ജോലിക്കാരെ പറഞ്ഞയക്കും.
അവർ ചെപ്പടി വിദ്യകൾ കാട്ടി മടങ്ങുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന സാഹചര്യത്തിൽ അണ്ടർ പാസേജ് നിർമാണം വേഗത്തിലാക്കാൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.