നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് വൻ പ്രതിസന്ധിയിലേക്ക്
text_fieldsകാസർകോട്: തൊഴിൽ വകുപ്പിന്റെ അനാസ്ഥയും 'പാരയും' കാരണമെന്ന് പറയുന്നു, സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി ക്ഷേമനിധി ബോർഡ് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. 21 ലക്ഷം അംഗങ്ങളുള്ള ക്ഷേമനിധി ബോർഡിൽ നിർമാണ തൊഴിലാളികൾക്ക് പെൻഷൻ മുടങ്ങി നാലുമാസമായി. പണം പിരിച്ചുനൽകേണ്ട തൊഴിൽവകുപ്പ് ബോർഡിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. സർക്കാർ ധനസഹായമില്ലാതെ പ്രവർത്തിക്കുന്ന ബോർഡിന് കെട്ടിട നിർമാതാക്കളിൽനിന്ന് സെസ് പിരിച്ചുനൽകേണ്ടത് തൊഴിൽ വകുപ്പാണ്. കെട്ടിട നിർമാതാക്കൾക്ക് അസി. ലേബർ കമീഷണർ സെസ് നിശ്ചയിക്കുകയും അത് ജില്ല ലേബർ ഓഫിസർ അപ്പീലിൽ കൂടി കുറച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ബോർഡിന്റെ വരുമാന പ്രതിസന്ധിക്ക് കാരണം. കുറച്ചുകൊടുക്കുന്നതിന്റെ വിഹിതം ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പിന്നിലെ ആകർഷണം. ഇപ്പോൾ മൂന്നര ലക്ഷം പെൻഷൻകാരുള്ള ബോർഡിൽ ഈ ഡിസംബറോടെ നാലുലക്ഷമായി മാറും. 1600 രൂപയാണ് നിർമാണ തൊഴിലാളി പെൻഷൻ. ഇപ്പോൾ 50 കോടിയാണ് പെൻഷൻ വിതരണത്തിനു മാസം വേണ്ടതെങ്കിൽ ഡിസംബറോടെ 65 കോടി രൂപ വേണ്ടിവരും.
ബോർഡ് നിലവിൽ വന്ന '90കളിൽ ആദ്യ ബോർഡ് കാലാവധി കഴിഞ്ഞപ്പോൾ 13 കോടി രൂപ മിച്ചം വെച്ചിരുന്നു. ഇതിനു കാരണം സെസ് തദ്ദേശ സ്ഥാപനങ്ങൾ വഴി നേരിട്ട് പിരിച്ചതാണ്. എന്നാൽ, '98ലെ കേന്ദ്ര നിയമം വന്നപ്പോൾ സംസ്ഥാനം ആ ചുമതല തൊഴിൽ വകുപ്പിന് നൽകി. രാജ്യത്ത് എല്ലായിടത്തും തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയപ്പോഴാണ് കേരളത്തിൽ ഈ നിലപാട്. മറ്റു സംസ്ഥാനങ്ങൾ പ്രതിവർഷം 200 കോടിയിലേറെ ലാഭത്തിലാണ് നിർമാണ ക്ഷേമനിധി ബോർഡ് എങ്കിൽ ഇവിടെ പെൻഷൻ കൊടുക്കാനാവാതെ ബുദ്ധിമുട്ടുന്നത് സെസ് പിരിക്കുന്നതിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥയാണ് എന്നാണ് ആക്ഷേപം.
സെസ് പിരിക്കാനുള്ള അധികാരം തദ്ദേശ വകുപ്പിന് നൽകി മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരും ചേർന്ന് തീരുമാനമെടുത്തെങ്കിലും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ നടപ്പാക്കിയില്ല. ബോർഡിന്റെ ജില്ല ഓഫിസിൽ അധികവും ലേബർ വകുപ്പ് ജീവനക്കാരാണ് ഡെപ്യൂട്ടേഷനിലുള്ളത്. ബോർഡിന്റെ 196 ജീവനക്കാരും തൊഴിൽ വകുപ്പിൽ നിന്നുള്ളവരാണ്. ഭിന്നശേഷിക്കാരും മറ്റുള്ളവരുമായി ഉള്ള 18 പേരാണ് ബോർഡിന്റേതായ സ്ഥിരപ്പെട്ട അംഗങ്ങൾ. തൊഴിലാളിയുടേതെന്നു പറയുന്ന സർക്കാറിന്റെ കീഴിലെ ഏറ്റവും വലിയ തൊഴിലാളിവർഗ സ്ഥാപനമാണ് നാഥനില്ലാകളരിയായി മാറിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.