പോർച്ചുഗൽ ടീം ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലി സംഘർഷം
text_fieldsമേൽപറമ്പ്: പോർച്ചുഗൽ ടീമിന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് സംഘടിച്ചതോടെ സംഘർഷം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരെ കൈയേറ്റമുണ്ടായി. പൊലീസ് വാഹനം ആക്രമിച്ചു തകർത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. കളനാട് കീഴൂർ ജങ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെയാണ് സംഘർഷമുണ്ടായത്. ഫാൻ പ്രവർത്തകർ കീഴൂർ ജംഗ്ഷനിൽ പോർച്ചുഗലിന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നത് മറ്റൊരു വിഭാഗം എതിർത്തു. ഇതോടെ നൂറോളം പേർ പരസ്പരം ചേരിതിരിഞ്ഞ് സംഘർഷത്തിലേർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഘർഷവിവരംഅറിഞ്ഞ്സ്ഥലത്തെത്തിയ മേൽപ്പറമ്പ എസ്.ഐ. സി.വി. രാമചന്ദ്രനെ കല്ലും വടിയുമായി സംഘം വളഞ്ഞു. ബേക്കൽ സ്‌റ്റേഷനിൽനിന്ന് സ്ഥലത്തെത്തിയ എസ്.ഐ. രാജീവനെ പിടിച്ചുതള്ളി. സംഘർഷം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തെ 50ഓളം പേർ സംഘടിച്ച് കൈയേറ്റം ചെയ്തത്.
ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു. മേൽപ്പറമ്പ സ്റ്റേഷന്റെ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിന്റെ ഫ്ലാഗ് പോസ്റ്റ്, ലൈറ്റ്, ഗ്ലാസ്, ഇൻറിക്കേറ്റർ എന്നിവയാണ് തകർത്തത്. സ്ഥലത്തേക്ക് കൂടുതൽ പൊലീസെത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.