ബസ് സ്റ്റാൻഡ് സ്ഥലം നഗരസഭ കൈയേറി; സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെച്ചു
text_fieldsകാസർകോട്: പുതിയ ബസ്സ്റ്റാന്റിനകത്തെ സ്ഥലം നഗരസഭ കൈയേറിയെന്നാരോപിച്ച് സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെച്ചു. പൊടുന്നനെയുള്ള പണിമുടക്ക് യാത്രക്കാരെ വലച്ചു. നിർമാണ പ്രവർത്തനം നിർത്തിവെക്കുന്നതുവരെയാണ് പണിമുടക്ക്. ബസുകൾ നിർത്തിയിടുന്ന സ്ഥലത്ത് വഴിയോര കച്ചവടക്കാർക്ക് ഷെഡ് നിർമിക്കുന്നതിനുവേണ്ടി ഏറ്റെടുത്തതാണ് പ്രശ്നത്തിനു തുടക്കം. വ്യാഴാഴ്ച രാവിലെ നഗരസഭ എൻജിനീയറും ഓവർസിയറും എത്തി ഷെഡിനുവേണ്ടി സ്ഥലം അളന്നുതുടങ്ങിയതോടെ ബസുടമകൾ എതിർത്തു. ഇതോടെ നഗരസഭ പൊലീസ് സഹായം തേടി.
പൊലീസ് സംരക്ഷണയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നഗരത്തിലെ വഴിയോര കച്ചവടക്കാർക്ക് സ്ഥിരം ഷെഡ് നിർമിക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ട്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡ് സ്ഥലത്ത് ഷെഡ് നിർമിക്കുന്നതെന്ന് നഗരസഭാധികൃതർ പറയുന്നു. അതേസമയം ബസ് സ്റ്റാൻഡ് സ്ഥലം നഗരസഭ ഘട്ടംഘട്ടമായി പല കാര്യങ്ങൾക്കുമായി ഏറ്റെടുക്കുന്നതിനാൽ സ്ഥലപരിമിതി ഉണ്ടാവുകയാണെന്ന് ബസ് ഉടമകൾ പറയുന്നു.
പുതിയ ബസ് സ്റ്റാൻഡ് കവാടത്തിൽ രണ്ടു ഭാഗത്തുമായി പാർക്കിങ് സൗകര്യം നിർമിച്ചതോടെ ബസുകൾക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യം കുറഞ്ഞു. ഇപ്പോൾ സ്ത്രീകൾക്കുള്ള വിശ്രമ കേന്ദ്രത്തിനായി കെട്ടിട നിർമാണം നടത്തുകയാണ്. അതിനു പിറകെയാണ് ബസുകൾ നിർത്തിയിടുന്ന സ്ഥലവും കൈയേറി നിർമാണം നടത്തുന്നത്. പഴയ ബസ് സ്റ്റാൻഡിലെ വഴിയോര കച്ചവടക്കാർക്കായാണ് പുതിയ ബസ് സ്റ്റാൻഡിൽ ഷെഡ് നിർമിക്കുന്നത്.
എന്നാൽ പുതിയ ബസ് സ്റ്റാൻഡിലേക്ക് പുനരധിവസിപ്പിക്കുമ്പോൾ പഴയ ബസ് സ്റ്റാൻഡിലെ കച്ചവടവും അവിടെ നിൽക്കും. പഴയ ബസ് സ്റ്റാൻഡി ൽ വഴിയോര കച്ചവടം കാരണം ബസ് കാത്തിരിക്കാൻ സൗകര്യം ഇല്ലാത്ത സ്ഥിതിയുണ്ട്. 'പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മുനിസിപ്പാലിറ്റി നടത്തുന്ന ഷോപ്പിങ് കോംപ്ലക്സ് നിർമാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത് വരെ സര്‍വിസ് നിര്‍ത്തിവെക്കല്‍ സമരം തുടരാന്‍ തീരുമാനിച്ചതായി ബസുടമകളുടെയും സംഘടന ഭാരവാഹികളുടെയും സംയുക്തയോഗം അറിയിച്ചു.
ബസുടമകൾ തെറ്റിദ്ധാരണ പരത്തുന്നു -നഗരസഭ
കാസർകോട്: തെരുവ് കച്ചവടക്കാരുടെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചന്ത നിർമാണം ആരംഭിച്ചതിനെതിരെ ബസുടമകൾ തെറ്റിദ്ധാരണ പരത്തുകയാണെന്ന് നഗരസഭ. പദ്ധതിക്ക് 2018ൽ ഭരണാനുമതിയും 2019ൽ സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതാണെന്നും ബസുടമകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ പറഞ്ഞു.
കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിന്റെ സാന്നിധ്യത്തിലും ചർച്ച നടത്തിയിട്ടുണ്ട്. ബസുടമകൾ നിർദേശിച്ചതനുസരിച്ച് നിലവിലെ പ്ലാനിൽ മാറ്റങ്ങൾ വരുത്തിയതാണ്. ജില്ല കലക്ടർക്ക് ബസുടമകൾ വീണ്ടും പരാതി സമർപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ അധികൃതരുടെയും ബസുടമകളുടെയും സാന്നിധ്യത്തിൽ സ്ഥലം സന്ദർശിക്കുകയും നിർദിഷ്ട പ്ലാൻ കാണുകയും ചെയ്തതാണ്.
കലക്ടറുടെ നിർദേശാനുസരണം നഗരസഭ വൈസ് ചെയർപേഴ്സൻ, സെക്രട്ടറി, എൻജിനീയർ, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ഡെപ്യൂട്ടി കലക്ടർ എന്നിവരുടെ യോഗവും ചേർന്നു. യോഗത്തിന്റെ തീരുമാനം അനുസരിച്ച് ബസ് സ്റ്റാൻഡിന്റെ വശത്തുള്ള സ്ഥലത്ത് നിർമാണം ആരംഭിക്കുന്നതിന് ഉത്തരവ് ഇറക്കുകയും ചെയ്തു. ഇങ്ങനെ എല്ലാ നടപടിക്രമവും പൂർത്തിയാക്കിയിട്ടും പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്നത് നഗരത്തിന്റെ വികസനത്തിന് തടസ്സമാവുമെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.