ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക പരിശോധന വര്‍ധിപ്പിക്കാൻ തീരുമാനം
text_fieldsകാസർകോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും സമ്പര്‍ക്ക പരിശോധന നിരക്ക് കുറവായതിനാല്‍ ഇത് വര്‍ധിപ്പിക്കണമെന്ന് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു. ജില്ലതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
സമ്പര്ക്കപരിശോധനയില് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് മറ്റു പ്രദേശങ്ങളെക്കാളും താഴെയാണെന്നതിനാല്‍ ഇവിടെ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും യോഗം നിര്‍ദേശിച്ചു. ചട്ടഞ്ചാല്‍ പി.എച്ച്.സിയുടെ പരിധിയില്‍ പട്ടികജാതി വിഭാഗത്തിൽപെട്ട 150 പേര്‍ക്ക് ആധാര്‍ ലിങ്ക് അല്ലാത്തതിനാല്‍ കോവിഡ് വാക്സിനേഷന് ലഭിക്കാത്ത പ്രശ്നം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. കുളത്തില്‍ ഒന്നിച്ച് മുങ്ങിക്കുളിക്കുന്നത് കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ ഒഴിവാക്കണമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ് പറഞ്ഞു.
സ്പൈസ് ഹെല്‍ത്ത് മുഖേന ജില്ലയില്‍ നടത്തിയിരുന്ന കോവിഡ് പരിശോധന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ ജില്ലയിലെ പരിശോധനസൗകര്യം കേന്ദ്ര സര്‍വകലാശാല ലാബില്‍ മാത്രമാകുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ പറഞ്ഞു. കേന്ദ്ര സര്‍വകലാശാല പൂര്‍ണമായും പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ ലാബ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ജനറേറ്റര്‍ സ്ഥാപിക്കേണ്ടതുമുണ്ട്. യോഗത്തില്‍ ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, എ.ഡി.എം എ.കെ. രമേന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.