കർണാടകയിലേക്ക് കടക്കാൻ കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; അതിർത്തി കടക്കാൻ പൊറുതിമുട്ടി ജനം
text_fieldsകാസർകോട്: കേരളത്തിലെ കോവിഡ് കണക്കുകൾ കണ്ട് കർണാടക നിലപാട് കടുപ്പിച്ചതോടെ പൊറുതിമുട്ടി ജനം. കർണാടകയിലേക്ക് പ്രവേശിക്കാൻ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണ് ജനത്തെ ദുരിതത്തിലാക്കിയത്. എന്തിനും ഏതിനും മംഗളൂരുവിലേക്ക് പോകുന്ന കാസർകോട്, കണ്ണൂർ ജില്ലയിലുള്ളവർ ഇതോടെ വീണ്ടും പ്രതിസന്ധിയിലായി. പുതിയ മുഖ്യമന്ത്രി ചുമതലയേറ്റതിനുശേഷമാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്. 72 മണിക്കൂറിനുമുമ്പ് എടുത്ത ആർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് റിപ്പോർട്ടാണ് അതിർത്തി കടക്കാൻ യാത്രക്കാർ ഹാജരാക്കേണ്ടത്. രണ്ടു വാക്സിൻ എടുത്തവരെ പോലും കടത്തിവിടരുതെന്നാണ് കർണാടക ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിയുടെ നിർദേശം. ഇതിനുപിന്നാലെ കേരളത്തിലേക്കുള്ള ബസ് സർവിസ് ഒരാഴ്ചത്തേക്ക് കർണാടക നിർത്തിവെച്ചു.
ബസുകൾ തലപ്പാടി വരെ
കാസർകോടുനിന്നുള്ള ബസുകൾ തലപ്പാടി വരെ പോയി യാത്ര അവസാനിപ്പിക്കുകയാണ്. കർണാടകയിൽനിന്നുള്ള ബസുകളും തലപ്പാടിവരെയാണ് വരുന്നത്. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ചുരുക്കം ചില ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്.
തിങ്കളാഴ്ച കൂടുതൽ ബസുകൾ തലപ്പാടി വരെ പോകുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് ഉണ്ടെന്ന് ഉറപ്പാക്കാൻ കണ്ടക്ടർമാർക്കാണ് നിർദേശം നൽകിയത്.
വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അതിർത്തി പങ്കിടുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകി. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് കാസർകോട്- മംഗളൂരു ബസ് സർവിസ് ആരംഭിച്ചിരുന്നത്.കോവിഡ് രണ്ടാംതരംഗം തുടങ്ങിയശേഷം രണ്ടാമത്തെ തവണയാണ് ബസ് സർവിസ് നിർത്തിവെക്കുന്നത്.
അടിയന്തര ആവശ്യങ്ങൾക്ക് ഇളവ്
മരണം പോലുള്ള അടിയന്തര വിഷയങ്ങളിൽ ഇളവു നൽകിയിട്ടുണ്ട്. ട്രെയിൻ യാത്രക്കാർക്കും കടുത്ത പരിശോധനയാണ് ഏർപ്പെടുത്തിയത്.
റെയിൽവേ സ്റ്റേഷനിൽ ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. നെഗറ്റിവ് റിപ്പോർട്ട് ഇല്ലാത്തവർക്കായി അതിർത്തിയിൽ ആൻറിജൻ പരിശോധന കൗണ്ടറും ആരംഭിച്ചു.രണ്ടു വാക്സിൻ എടുത്തവരെ കടത്തിവിടാൻ നിർദേശമില്ലെങ്കിലും അപൂർവം ചിലരെ പ്രവേശിപ്പിക്കുന്നുണ്ട്. ഹൈവേകളെ അപേക്ഷിച്ച് അതിർത്തി ഗ്രാമങ്ങളിൽ കാര്യമായ പരിേശാധനയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.