ജീവിതമാർഗം വിൽപനക്കുവെച്ച് കടയുടമ
text_fieldsനീലേശ്വരം: കോവിഡ് മഹാമാരി ജീവിതം വഴിമുട്ടിച്ചപ്പോൾ ഉപജീവനമാർഗംതന്നെ വിൽക്കുകയാണ് കടയുടമ രാജീവൻ. നീലേശ്വരം കണിച്ചിറയിലെ ടി.വി. രാജീവനാണ് ജീവിതമാർഗമായ ടെന്‍റ് ആൻഡ് ഡെക്കറേഷൻ സാധനങ്ങൾ കടയിലൂടെ ചുരുങ്ങിയ വിലക്ക് വിൽക്കുന്നത്.
വർഷങ്ങളായി പടന്നക്കാട് ജമാഅത്ത് കെട്ടിടത്തിൽ ടി.വി.എസ് ടെന്‍റ് എന്ന പേരിൽ സ്ഥാപനം നടത്തിവരുകയായിരുന്നു രാജീവൻ. ടെന്‍റിനുപുറമെ ലൈറ്റ് ആൻഡ് സൗണ്ടും വാടകക്ക് നൽകിയിരുന്നു.
നല്ല നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന സ്ഥാപനത്തിലെ സാധനങ്ങൾ ജീവിക്കാൻ മറ്റുമാർഗമില്ലാതെ രാജീവൻ വിൽപന നടത്തേണ്ട ഗതികേടിലാണിപ്പോൾ. പടന്നക്കാടുള്ള രാജീവെൻറ കടക്ക് മുൻഭാഗം, പന്തൽ താർപ്പായകൾ മിതമായ നിരക്കിൽ വിൽപനക്കെന്നുള്ള ബോർഡും സ്ഥാപിച്ചു. ബാങ്കുകൾ, മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നും ഭീമമായ വായ്പയെടുത്താണ് രാജീവൻ സ്ഥാപനം തുടങ്ങിയത്.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കോവിഡ് മൂലം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കഴിഞ്ഞ ഒന്നര വർഷമായി ആഘോഷങ്ങളും മറ്റ് ഒരു പരിപാടികളും ഇല്ലാതെ വരുമാനം പൂർണമായും നിലച്ചിരിക്കുകയാണ്. കടയിൽ സൂക്ഷിച്ച മൈക്കും ബോക്സും ചെമ്പ് പാത്രങ്ങളും തുരുമ്പിച്ച് നശിക്കാൻ തുടങ്ങി. ബാങ്ക് വായ്പയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വായ്പകളും തിരിച്ചടക്കാൻ പറ്റാത്തതുമൂലം ജപ്തി ഭീഷണിയും നേരിടുകയാണ്. ഇതോടെ രാജീവൻ മറ്റുമാർഗമില്ലാതെ കടയിലെ സാധനങ്ങൾ ഓരോന്നായി വിൽപന നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.