കോവിഡ്: ആശുപത്രികൾ നിറയുന്നു
text_fieldsകാസർകോട്: ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നതിനനുസരിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും ഉയരുന്നു. ജില്ലയിൽ മൂന്ന് കോവിഡ് ആശുപത്രികളിലായി 220 കിടക്കകളാണ് ആകെയുള്ളത്. ഇതിൽ 38.63 ശതമാനവും നിറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിർദേശം നൽകി. ഓണ്‍ലൈനായി ചേര്‍ന്ന കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് കലക്ടറുടെ നിർദേശം.
40 ഐ.സി.യു കിടക്കകള്‍ ജില്ലയിൽ തയാറാക്കിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ബ്ലോക്കുകളിലും സി.എഫ്.എല്‍.ടി.സികള്‍ക്കായി സൗകര്യങ്ങള്‍ കണ്ടെത്തിവെക്കാനും ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉപയോഗിക്കാന്‍ എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും യോഗത്തില്‍ ഡി.എം.ഒ പറഞ്ഞു.
ജില്ലയിലെ രോഗികളില്‍ 40 ശതമാനം വരെ 30 വയസ്സിനു താഴെയുള്ളവരാണ്. കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ചില ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടെന്നും ഇത് തടയാനായി വിദ്യാഭ്യാസ വകുപ്പിനും ഫീല്‍ഡ് തലത്തിലും നിര്‍ദേശം നല്‍കിയതായും ഡി.എം.ഒ പറഞ്ഞു. സ്കൂളുകളിലെ വാക്സിനേഷന് ഇതുവരെ 52.28 ശതമാനം പൂര്‍ത്തിയാക്കി. ജില്ലയില്‍ ആവശ്യത്തിനുള്ള വാക്സിന് സ്റ്റോക്കുണ്ടെന്ന് വാക്സിന് നോഡല്‍ ഓഫിസര്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്കാന് സിവില്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പൊതു ഇടങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടുന്നത് തടയാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിക്കാന്‍ യോഗത്തില്‍ കലക്ടർ നിര്‍ദേശിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.ആര്. രാജന്, സബ് കലക്ടര്‍ ഡി.ആർ. മേഘശ്രീ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ് ആര്.സി.എച്ച് ഓഫിസര്‍ ഡോ. മുരളീധര നല്ലൂരായ, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സുധാകരന് തുടങ്ങിയവർ പങ്കെടുത്തു.
668 പേര്‍ക്കുകൂടി കോവിഡ്
കാസർകോട്: ജില്ലയില്‍ 668 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 177 പേര്‍ക്ക് നെഗറ്റീവായി. നിലവില്‍ 3198 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 967 ആയി.
വീടുകളില്‍ 7686, സ്ഥാപനങ്ങളില്‍ 541 എന്നിങ്ങനെ ആകെ നിരീക്ഷണത്തിലുള്ളത് 8227 പേരാണ്. പുതിയതായി 1022 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2069 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 900 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 249 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 606 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.