കോർപറേഷൻ ചെയർമാൻ സ്ഥാനം ഉപേക്ഷിച്ച് സി.പി.ഐ നേതാവ്
text_fieldsകാസർകോട്: പദവിക്കുവേണ്ടിയുള്ള പോർവിളികൾ സജീവമായ രാഷ്ട്രീയത്തിൽ, പാർട്ടി നൽകിയ കോർപറേഷൻ ചെയർമാൻ പദവി വേണ്ടെന്നുവെച്ച് സി.പി.ഐ നേതാവ്. സംസ്ഥാന സമിതി അംഗം ടി. കൃഷ്ണനാണ് പൗൾട്രി വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം വേണ്ടെന്നുവെച്ചത്. ഒഴിവാക്കണമെന്ന കൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എ.ഐ.ടി.യു.സി വയനാട് ജില്ല പ്രസിഡന്റ് ടി.കെ. മൂർത്തിയോട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടു.
ഡിസംബർ 15ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗമാണ് പാർട്ടിക്ക് ലഭിച്ച 15 ബോർഡ്, കോർപറേഷൻ പദവികൾ ജില്ലകൾക്ക് വീതിച്ചത്. കാസർകോട് ജില്ലക്ക് ലഭിച്ച വിഹിതമാണ് കൃഷ്ണന് ലഭിച്ചത്. പദവിയിൽ താൽപര്യമില്ലെന്ന് കൃഷ്ണൻ യോഗത്തിൽതന്നെ അറിയിച്ചെങ്കിലും പാർട്ടി മുഖവിലക്കെടുത്തില്ല. തുടർന്ന് ഒഴിവാക്കിത്തരണമെന്ന് നേതൃത്വത്തിന് കത്ത് നൽകുകയായിരുന്നു. സെക്രട്ടറി കാനം രാജേന്ദ്രൻ കൃഷ്ണനോട് കാര്യം അന്വേഷിച്ചപ്പോഴും ഒഴിവാക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് എക്സിക്യൂട്ടിവ് ചേർന്ന് ടി.കെ. മൂർത്തിയോട് പദവി ഏറ്റെടുക്കാനാവശ്യപ്പെടുകയായിരുന്നു.
കാറും പേഴ്സണൽ സ്റ്റാഫും പ്രതിമാസ ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടെയുള്ള പദവിയാണ് മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പൗൾട്രി വികസന കോർപറേഷൻ. നിലവിലെ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയാണ് കഴിഞ്ഞ തവണ കോർപറേഷൻ ചെയർപേഴ്സനായത്. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റായ ടി. കൃഷ്ണൻ ചെറുപ്പംമുതൽ മുഴുവൻസമയ പാർട്ടി പ്രവർത്തകനാണ്. സാധാരണ കുടുംബത്തിൽ വളർന്ന് ഏറെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന ടി. കൃഷ്ണൻ പഞ്ചായത്തീരാജ് വരുംമുമ്പ് ഒരുതവണ ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. കോർപറേഷൻ ചെയർമാൻ സ്ഥാനം വേണ്ടെന്നുവെക്കാൻ കാരണം ചോദിച്ചപ്പോൾ 'വേറെ കാരണങ്ങൾ ഒന്നുമില്ല. താൽപര്യമില്ലാത്തതുകൊണ്ടാണ്. പാർട്ടി അത് അംഗീകരിച്ചു' എന്ന് പ്രതികരിച്ചു. ഈ സമയം കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ എസ്.ടി.യു തൊഴിലാളി വിശ്രമകേന്ദ്രത്തിൽ തൊഴിലാളിയെ അന്വേഷിച്ച് എത്തിയതായിരുന്നു എ.ഐ.ടി.യു.സി നേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.