എം.എൽ.എ വധശ്രമക്കേസിൽ മൊഴി മാറ്റിയെന്ന് സി.പി.എം; ആരോപണം അടിസ്ഥാനരഹിതമെന്ന് സി.പി.ഐ
text_fieldsകാസർകോട്: ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ വധിക്കാൻ ശ്രമിച്ച കേസിൽ മൊഴിമാറ്റിയെന്ന് പാർട്ടി പത്രത്തിൽ സി.പി.എം നേതൃത്വം ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി സി.പി.ഐ.
മൊഴിമാറ്റിയെന്ന വാദം അടിസ്ഥാന രഹിതമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരാണ് രാഷ്ട്രീയ വിരോധം വെച്ച് തന്നെ ആക്രമിച്ചതെന്നും ആക്രമിച്ചവരിൽ കോടതിയിൽ ഹാജരായ ആളുകളും ഉണ്ടായിരുന്നു എന്നുമാണ് ചന്ദ്രശേഖരൻ പറഞ്ഞത്. അന്വേഷണഘട്ടത്തിൽ പൊലീസിന് നൽകിയ മൊഴി അനുസരിച്ചുള്ളതാണിത്.
പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ ഇ. ചന്ദ്രശേഖരനെക്കൊണ്ട് പ്രതികളെ തിരിച്ചറിയാനുള്ള നടപടി പൊലീസ് സ്വീകരിക്കുകയോ അദ്ദേഹം പൊലീസിൽ മൊഴി നൽകുകയോ ചെയ്തിട്ടില്ല. മറ്റ് സി.പി.ഐ നേതാക്കളെ സംബന്ധിച്ചും ഇതേവിധത്തിലാണ് കാര്യങ്ങൾ നടന്നത്. അവരാരും അന്വേഷണഘട്ടത്തിൽ പ്രതികളെ കണ്ട് തിരിച്ചറിയുകയോ തിരിച്ചറിഞ്ഞതായി പൊലീസിന് മൊഴി നൽകുകയോ ചെയ്തിട്ടില്ല.
എന്നാൽ, 2016 മേയ് 21ന് സി.പി.എം നേതാവ് ടി.കെ. രവി സംഭവത്തിന്റെ രണ്ടാംനാൾ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസിൽ പ്രതികളായ ആറുപേരെ തിരിച്ചറിയുകയും അപ്രകാരം പൊലീസിന് മൊഴിനൽകുകയും ചെയ്തു. പിന്നീട് 2016 േമയ് 27ന് ഡിവൈ.എസ്.പി ഓഫിസിൽ മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി നൽകി. ആ രണ്ട് അവസരങ്ങളിലും സി.പി.ഐ പ്രവർത്തകൻ ബങ്കളം അനിയും അനുഭാവിയായ ഡ്രൈവർ ഹക്കീമും അപ്രകാരം തന്നെ തിരിച്ചറിഞ്ഞതായും മൊഴി നൽകി.
കേസിൽ തിരിച്ചറിയാൻ ബാക്കിയുണ്ടായിരുന്ന നാല് പ്രതികളെയും തുടർന്നുള്ള ദിവസങ്ങളിൽ ബങ്കളം അനിയും ഡ്രൈവർ ഹക്കീമും തിരിച്ചറിഞ്ഞതായി മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായി മൂന്ന് സാക്ഷികൾ പൊലീസിന് നൽകിയ മൊഴി ഈ കേസിൽ നിർണായകമായിരുന്നു.
ആ മൊഴിയാണ് മൂന്നുപേരും കോടതിയിൽ മാറ്റിപ്പറഞ്ഞത്. അതിനാൽ മൂന്നുപേരും കൂറുമാറിയതായി പ്രഖ്യാപിച്ച് എതിർവിസ്താരം നടത്താൻ സർക്കാർ വക്കീൽ കോടതിയോട് അനുമതി തേടുകയും അത് കോടതി അനുവദിക്കുകയും ചെയ്തു.
സി.പി.ഐ നേതാക്കളാരും കൂറുമാറിയിട്ടില്ലെന്നുള്ള വസ്തുത കോടതി രേഖകൾ പരിശോധിച്ചാൽ ബോധ്യമാകും. വിചാരണ സമയത്തും പിന്നീടും ഇ. ചന്ദ്രശേഖരനും സി.പി.ഐ നേതാക്കളും അഭിഭാഷകനെ ബന്ധപ്പെട്ടില്ലെന്ന ആരോപണവും സി.പി.എം ഉന്നയിക്കുന്നു. സി.പി.എം നോമിനിയായ സർക്കാർ അഭിഭാഷകൻ ഇതുവരെ ഉന്നയിക്കാത്ത ആരോപണമാണിത്.
‘പൊലീസാണ് പ്രതിപ്പട്ടിക തയാറാക്കിയത്’ എന്നാണ് സി.പി.എം പത്രം ഉന്നയിക്കുന്നത്. പൊലീസിന്റെ പിഴവാണെന്ന് ആരോപിച്ചാൽ ആര്ക്കാണ് അതിന് മറുപടി പറയാനുള്ള ബാധ്യതയെന്നും സി.പി.ഐ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.