ഡോക്ടർമാരില്ല; ആശുപത്രികളിൽ പ്രതിസന്ധി
text_fieldsകാസർകോട്: അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മറ്റ് ആശുപത്രികളിൽ നിന്നും ഡോക്ടർമാരെയും ജീവനക്കാരെയും മാറ്റിയതോടെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായി. ടാറ്റാ ട്രസ്റ്റ് ആശുപത്രി പ്രവർത്തനം നിലച്ചതോടെ അവിടെ നിന്നും ഡോക്ടർമാരെയും ജീവനക്കാരെയും മറ്റ് ആശുപത്രികളിലേക്ക് ക്രമീകരിച്ചിരുന്നത് ആശ്വാസമായിരുന്നു.
എന്നാൽ, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി തുറന്നതോടെ മറ്റ് ആശുപത്രികളിൽ നിന്ന് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ഡോക്ടർമാരെ മാറ്റിത്തുടങ്ങി. ഇതാണ് പ്രതിസന്ധിക്ക്കാരണം. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജിവനക്കാരുടെ തസ്തികകൾ കുറവാണ് ഉള്ളത്.
ജില്ലാശുപത്രി, ജനറൽ ആശുപത്രി എന്നിങ്ങനെ രണ്ട് ആശുപത്രികളിൽ മാത്രമാണ് പ്രസവചികിത്സ പോയന്റുകൾ ഉള്ളത്. അഞ്ച് താലൂക്കാശുപത്രികൾ ഉണ്ടെങ്കിലും ഒന്നിൽ പോലും ഡെലിവറി പോയന്റ് ഇല്ലാത്ത ഏക ജില്ലയാണ് കാസർകോട്. കമ്യൂണിറ്റിഹെൽത്ത് സെന്റർ മഞ്ചേശ്വരത്തെയും നീലേശ്വരം താലൂക്ക് ആശുപത്രിയിലെയും ഗൈനകോളജിസ്റ്റിനെ ജില്ലാശുപത്രിയിലേക്ക് ജോലിക്രമീകരണത്തിൽ നിയമിച്ചാണ് അവിടെ 24 മണിക്കൂറും പ്രസവ ചികിത്സ വിഭാഗം പ്രവർത്തിക്കുന്നത് .
വെള്ളരിക്കുണ്ട് താലൂക്കാശുപത്രി, നീലേശ്വരം താലൂക്കാശുപത്രി, മംഗൽപ്പാടി താലൂക്കാശുപത്രി, ബേഡകം താലൂക്കാശുപത്രി, തൃക്കരിപ്പൂർ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ഒന്നിൽ പോലും പ്രസവ ചികിത്സാ സൗകര്യങ്ങളില്ല.
സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് സ്പെഷാലിറ്റി തസ്തികകൾ ജില്ലയിൽ കുറവാണ്. ബേഡകം താലൂക്കാശുപത്രിയിൽ ഒരു മെഡിസിൻ ജൂനിയർ കൺസൾട്ടന്റ് പോസ്റ്റു മാത്രമുള്ളപ്പോൾ പൂടങ്കല്ലിൽ ഒരു മെഡിസിൻ ജൂനിയർ കൺസൾട്ടൻറും ഒരു ശിശുരോഗവിദഗ്ദനും മാത്രമാണുള്ളത്.
തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ ഒരു എല്ലുരോഗാവിദഗ്ധനും, ഒരു ശിശുരോഗവിദഗ്ധനും ഒരു ഗൈനോക്കോളജി ഡോക്ടറുമാണ് ഉള്ളത്. മംഗൽപാടി താലൂക്കാശുപത്രിയിൽ ഒരു മെഡിസിൻ ജൂനിയർ കൺസൽട്ടന്റ് മാത്രമാണ് ഉള്ളത്. വെള്ളരിക്കുണ്ട് താലൂക്കാശുപത്രി പൂടംകല്ല്, നീലേശ്വരം താലൂക്കാശുപത്രി എന്നിവിടങ്ങളിൽ പ്രസവ ചികിത്സക്കു വേണ്ടി ലക്ഷ്യ ബിൽഡിങ് ജോലി തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല .
ജില്ലയിലെ അഞ്ചു താലൂക്കാശുപത്രികളിൽ മംഗൽപാടി, നീലേശ്വരം എന്നീ രണ്ട് സ്ഥാപനങ്ങളിൽ മാത്രമാണ് സൂപ്രണ്ടിന്റെ തസ്തിക ഉള്ളത്. ഇക്കാര്യം കെ.ജി.എം.ഒ.എ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. മംഗൽപാടി താലൂക്കാശുപത്രി, ചെറുവത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ട്രോമ കെയർ സെന്റർ തുടങ്ങണം എന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ആശുപത്രികളിൽ പോസ്റ്റ്മോർട്ടം നടക്കുന്നുണ്ടെങ്കിലും ജില്ലയിൽ ഒരുറ്റ ഫോറൻസിക് സർജൻ തസ്തിക മാത്രമാണുള്ളത്.
അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്നതിനായി വെറും എട്ട് പോസ്റ്റുകളാണ് നിലവിൽ സൃഷ്ടിച്ചിരിക്കുന്നത്. സൂപ്രണ്ട് -1, ക്ലർക്ക് -1, ഓഫിസ് അറ്റന്റൻറ് -1, ഫർമസിസ്റ്റ് -1, നഴ്സിങ് ഓഫിസർ -4. എന്നിവയാണത്. ഇതിൽ സൂപ്രണ്ട് ഒഴിച്ച് ഒരു ഡോക്ടറുടെ തസ്തിക പോലുമില്ല. അതേ സമയം 100 കിടക്കകൾ ഉള്ള പാലക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ എട്ട് ഗൈനക്കോളജിസ്റ്റുകളെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
അമ്മയും കുഞ്ഞും ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരെ ജില്ലയിലെ ഇതരസ്ഥാപനങ്ങളിൽ നിന്നും ജോലിക്രമീകരണാടിസ്ഥാനത്തിൽ മാറ്റിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ടാറ്റ ട്രസ്റ്റ് ആശുപത്രിയിലെ ജോലിക്രമീകരണത്തിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പന്ത്രണ്ടോളവും മറ്റു സ്ഥാപനങ്ങളിലെ മൂന്ന് ഡോക്ടർമാരെയുമാണ് ഇപ്പോൾ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് തസ്തിക സൃഷ്ടിക്കണം -കെ.ജി.എം.ഒ.എ
കാസർകോട്: കഴിഞ്ഞയാഴ്ച പ്രവർത്തനം ആരംഭിച്ച കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ സ്ത്രീ രോഗ വിദഗ്ധർ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ തസ്തികകളും മറ്റു ജീവനക്കാരുടെ തസ്തികളും അടിയന്തരമായി സൃഷ്ടിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. നിലവിൽ ഒരു ഡോക്ടറുടെ തസ്തിക പോലും സൃഷ്ടിക്കാതെ മറ്റ് ആശുപത്രികളിൽ നിന്നും ജോലി ക്രമീകരണം നടത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഇത് ജില്ലയിലെ മറ്റു ആശുപത്രികളുടെ പ്രവർത്തനത്തെ താളം തെറ്റിക്കും. സർക്കാർ തലത്തിൽ യാതൊരു തയാറെടുപ്പുകളും കൂടാതെയാണ് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വെറും ഒമ്പത് ഗൈനക്കോളജിസ്റ്റുകൾ മാത്രമാണ് ജില്ലയിൽ ആകെയുള്ളത്.
പുതിയ പോസ്റ്റുകൾ സൃഷ്ടിക്കാതെ ഇവരിൽ നിന്ന് വീണ്ടും പുതിയ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റുന്നത് ഗുരുതരമായ പ്രതിസന്ധിക്കിടവരുത്തും. മറ്റു ജില്ലകളിൽ നിന്നും കാസർകോടെത്തി ജോലി ചെയ്യുന്ന കെ.ജി.എം.ഒ.എ അംഗങ്ങൾക്ക് തുടരേയുള്ള ജോലിക്രമീകരണമാറ്റം മാനസികവും ആരോഗ്യപരവുമായ വിഷമതകൾ ഉണ്ടാക്കുന്നു.
അമ്മയും കുഞ്ഞും ആശുപത്രി മികച്ച രീതിയിൽ പ്രവർത്തന സജ്ജമാക്കാൻ ഗവണ്മെന്റ് തലത്തിൽ പുതിയ പോസ്റ്റുകൾ സൃഷ്ടിക്കണമെന്ന് കെ.ജി.എം.ഒ.എ പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇത് മനസ്സിലാക്കി ജില്ല ആരോഗ്യ മേധാവി, ഡി.എം.ഒ ഇനി അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും ഒരു സ്ഥലമാറ്റം ഉണ്ടാകില്ല എന്ന ഉറപ്പു നൽകിയട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഒ.പി സേവനങ്ങൾ മാത്രം തുടങ്ങുന്ന ആശുപത്രിയിൽ ഇങ്ങനെ ആണെങ്കിൽ, ഐ.പി, ഓപറേഷൻ മുതലായവ തുടങ്ങുമ്പോൾ മറ്റു ഡോക്ടർമാരെയും കൂടി അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യത കൂടുതലാണ്. അത് ജില്ലയിലെ മറ്റു ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.