ഐ.എൻ.എൽ യോഗത്തിൽ എൽ.ഡി.എഫ് കൺവീനർക്കെതിരെ വിമർശനം
text_fieldsകാസർകോട്: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ കോഴിക്കോട് ചേർന്ന ഐ.എൻ.എൽ നേതൃയോഗത്തിൽ എൽ.ഡി.എഫ് കാസർകോട് ജില്ല കൺവീനർക്കെതിരെ വിമർശനം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഐ.എൻ.എൽ വഹാബ് വിഭാഗം കാസർകോട് ചേർന്ന അനുസ്മരണയോഗത്തിൽ കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ പങ്കെടുത്തതാണ് സംസ്ഥാന യോഗത്തിൽ രോഷത്തിന് കാരണമായത്. കാസർകോട് ജില്ലയിൽ നിന്ന് പങ്കെടുത്ത നേതാക്കളാണ് പ്രശ്നം അവതരിപ്പിച്ചത്. എൽ.ഡി.എഫ് ഘടകകക്ഷി, അഹമ്മദ് ദേവർകോവിൽ പ്രസിഡന്റായ ഐ.എൻ.എൽ ആണ്. അങ്ങനെയൊരു ഘടകകക്ഷിക്ക് ദോഷം ചെയ്യുന്ന രീതിയിൽ വിമതർ സംഘടിപ്പിച്ച യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ പങ്കെടുത്തത് ശരിയായില്ല. വിമതർ യോഗം വിളിച്ചപ്പോൾ തന്നെ കൺവീനറോട് പങ്കെടുക്കരുത് എന്ന് പറഞ്ഞിരുന്നു. ആ യോഗത്തിൽ നാലുപേർ മാത്രമാണ് കാസർകോട് മണ്ഡലത്തിൽനിന്ന് പങ്കെടുത്തത്. മറ്റുള്ളവർ കോഴിക്കോടുള്ളവരായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി കഠിന പ്രയത്നം നടത്തുന്നതിനിടയിലാണ് മുന്നണി മര്യാദക്ക് ചേരാത്ത സമീപനം എൽ.ഡി.എഫ് നേതൃത്വത്തിൽനിന്നുണ്ടായതെന്ന് യോഗം പറഞ്ഞു. ഇക്കാര്യം എൽ.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് ജില്ല നേതാക്കൾക്ക് ഉറപ്പു നൽകി. കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഐ.എൻ.എല്ലിന്റെ വോട്ടുകൾ പൂർണമായും പോൾ ചെയ്തിട്ടുണ്ട്. ഇടത് പാർട്ടികളുടെ കേന്ദ്രങ്ങളിൽ നിന്നാണ് വോട്ട് ചോർന്നത്. ഇതാണ് പരാജയത്തിനുകാരണമെന്ന് കുറ്റപ്പെടുത്തി. സംസ്ഥാന ഭരണത്തിനെതിരെയും വിമർശനമുണ്ടായി. മുന്നണിയെ പിന്തുണക്കുന്ന അഭ്യുദയകാംക്ഷികളുടെയും നിഷ്പക്ഷരുടെയും വോട്ട് എന്തുകൊണ്ട് നഷ്ടപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കാണണമെന്നും ഇടതു കേന്ദ്രങ്ങളിലുണ്ടായ വോട്ട് ഇടിവിന്റെ കാരണം പഠിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.