അതിർത്തി കടന്ന് മരംകൊള്ള; ജാഗ്രത നിർദേശം
text_fieldsകാസർകോട്: ജില്ലയിലെ വനമേഖല ലക്ഷ്യമിട്ട് കർണാടകയിൽനിന്നുള്ള മരംകടത്ത് സംഘമെത്തിയതോടെ വനംവകുപ്പ് ജാഗ്രത നിർദേശം നൽകി. ചെക്പോസ്റ്റുകളുള്ള റോഡുകൾ ഒഴിവാക്കിയാണ് സംഘം ജില്ലയിലെ വനങ്ങളിലെത്തുന്നത്.
കഴിഞ്ഞദിവസം പരപ്പ സംരക്ഷിത വനമേഖലയിൽനിന്ന് മരം കടത്തുന്നതിനിടെ പിടിയിലായ എല്ലാവരും കർണാടകയിൽനിന്നുള്ളവരാണ്.
മരംമുറിക്കാനും എളുപ്പത്തിൽ കടത്താനും പ്രത്യേക കഴിവുള്ളവരാണ് സംഘം. ആയുധങ്ങളും സംഘത്തിന്റെ കൈവശമുണ്ട്. വനം വകുപ്പിന്റെ സമയോചിത ഇടപെടൽ കാരണമാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന് ഡി.എഫ്.ഒ പി. ബിജു പറഞ്ഞു.
പരപ്പ സംരക്ഷിത വനമേഖലയിൽനിന്ന് മുറിച്ചു കടത്തിയ തേക്ക് മരങ്ങളുമായി മൂന്ന് പേരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച പിടികൂടിയത്.
കർണാടക പൂത്തൂരിലെ ഇർഫാൻ (22), ബൾത്തങ്ങാടിയിലെ അബൂബക്കർ (26), മുസ്തഫ ഹമീദ് (34) എന്നിവരെയാണ് വനംവകുപ്പ് പരപ്പ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എൻ.രമേശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
26 തേക്ക് മരങ്ങളാണ് ഇവരിൽനിന്ന് പിടികൂടിയത്. മരം കടത്താനുപയോഗിച്ച കർണാടക രജിസ്ട്രേഷനിലുള്ള വാഹനവും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
ജില്ലയിലെ വിവിധ സെക്ഷനുകളിലായി തേക്ക് ഉൾപ്പടെയുള്ള മരങ്ങൾ മുറിച്ചിട്ടിട്ടുണ്ട്. മഴ മാറിയാൽ ഇവ ബന്ധപ്പെട്ട സ്ഥലത്തേക്ക് മാറ്റുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് അർധരാത്രി വാഹനവുമായി മരംകടത്ത് സംഘമെത്തിയത്. ജില്ലയിലെ മറ്റ് സെക്ഷനുകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയതായി ഡി.എഫ്.ഒ പറഞ്ഞു.
അതിർത്തി മേഖലകളിൽനിന്ന് വ്യാപകമായി ഈട്ടി, തേക്ക് ചന്ദന മരങ്ങൾ മുറിച്ചു കടത്തുന്നതായാണ് സൂചന.
കാട്ടാന ഭീതിയുള്ള ചില മേഖലകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയോ നാട്ടുകാരുടെയോ കണ്ണെത്തില്ലെന്നതാണ് മാഫിയക്ക് സൗകര്യമാവുന്നത്. മുറിച്ചിട്ട തേക്ക് മരങ്ങൾ ചെറിയ കഷണമാക്കി കൊണ്ടുപോകുന്ന സംഘവും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.