സൈബറിടങ്ങൾ അടഞ്ഞു; റീച്ചുകളുടെ ഫലം കണ്ടശേഷം പുതിയ ട്രോളുകൾ
text_fieldsകാസർകോട്: ഇടത് വലത് മുന്നണികളുടെ കണാ ലക്ഷങ്ങളിലേക്ക് പ്രചാരണത്തിന്റെ റീൽസുകൾ അയച്ച സൈബർ വാർഗ്രൂപ്പുകൾ വാതിലടച്ചു. ഇനി പോസ്റ്റുകളുടെ ഫലം കണ്ട ശേഷം പുതിയ ട്രോളുകളുമായി രംഗത്തുവരും.
എൽ.ഡി.എഫിനും യു.ഡി.എഫിനും ശക്തമായ സൈബർ വിഭാഗമാണ് സ്ഥാനാർഥികൾക്ക് പിന്നിൽ അണിനിരന്നത്. എൽ.ഡി.എഫ് സൈബർ വിഭാഗം ഏഴു ലക്ഷം പേരിലേക്ക് റീൽസുകളും ട്രോളുകളും എത്തിച്ചുവെന്ന് ടീമിന് നേതൃത്വം നൽകിയ ശരത് ഇട്ടമ്മൽ പറഞ്ഞു.
പാർട്ടി, ഘടകകക്ഷി, മുന്നണി, വർഗ ബഹുജന സംഘടനകൾ എന്നിങ്ങനെ പ്രത്യക്ഷത്തിൽ 4125 ഗ്രൂപ്പുകളിലേക്ക് നേരിട്ട് നൽകി. ഏരിയ കമ്മിറ്റികൾ വഴിയുള്ള ഗ്രൂപ്പുകളിലൂടെയാണ് പ്രചാരണം നടത്തിയത്. ഏഴംഗ സംഘമാണ് എം.വി. ബാലകൃഷ്ണനുവേണ്ടി സമൂഹ മാധ്യമം കൈകാര്യം ചെയ്തത്. ശരത് ഇട്ടമ്മൽ ആണ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തത്.
വി.പി.പി. മുസ്തഫ, വിനോദ് പായം എന്നിവർ ഉള്ളടക്കം കൈമാറുന്നതിന് സഹായിച്ചു. അമൽ കല്ല്യാശേരി, അരുൺ ജിത്ത് കൂത്തുപറമ്പ് എന്നിവർ കാമറ കൈകാര്യം ചെയ്തു. ഗംഗോത്രി, ജിബിൻ കല്ല്യാശേരി എന്നിവർ എഡിറ്റിങ്ങിലും ട്രോളുകളിലും കേന്ദ്രീകരിച്ചു. സിബിൻ മാടായി, അശ്വിൻ ഇരിട്ടി, അതുൽ നാദാപുരം എന്നിവർ മാറിമാറി ഓരോ പ്രവൃത്തികളും ഏറ്റെടുത്ത് നിർവഹിച്ചു.
150ലേറെ റീൽസുകൾ 500 ലധികം പോസ്റ്ററുകൾ ഉൾപ്പെടെ സൈബറിടങ്ങളിലേക്ക് കയറ്റിവിട്ട പ്രചാരണ ഉള്ളടക്കങ്ങൾ നിരവധി. രാത്രി വൈകുംവരെ യുദ്ധമുഖത്ത് നിലയുറപ്പിച്ച ഇവരുടെ പ്രവർത്തനങ്ങൾക്ക് മുന്നണിയുടെ ഓഫ് ലൈൻ പ്രചാരണത്തേക്കാൾ ശക്തിയുണ്ടായിരുന്നു.
ഒരു കാറാണ് ഇവരുടെ സൈബർ ഓഫ്ലൈൻ അതിലൂടെയാണ് ഇടത് സ്ഥാനാർഥിയെ പിന്തുടർന്നത്. എല്ലാ പ്രവൃത്തികളും അതിനകത്താണ് ചെയ്തത്. എൽ.ഡി.എഫിനെ കുഴക്കിയ തളങ്കര വിഡിയോയും പെരുന്നാൾ ആശംസ കാർഡും ഈ സൈബർ വിഭാഗമല്ല തയാറാക്കിയത്.
പത്ത് അംഗ സംഘമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ സൈബർ ബലം. നോയൽ ടോമിൻ ജോസഫിന്റെ നേതൃത്വത്തിൽ പാലക്കുന്ന് കേന്ദ്രീകരിച്ചാണ് സൈബറിടത്തിന് ഓഫ് ലൈൻ ഇടം സൃഷ്ടിച്ചത്. അനൂപ് രാഘവൻ- രാഷ്ട്രിയ ഉള്ളടക്കം, റിസിൽ ബാബു, ആസാദ്-വിഡിയോഗ്രഫി, പ്രവീൺ -ഫോട്ടോ, ഷഫീഹ്-എഡിറ്റിങ്, അഫ്സൽ-നിയന്ത്രണം, ലുക്മാൻ, സാന്ദ്ര-അഭിനേതാക്കൾ, അഡ്വ. ജവാദ് എന്നിവരാണ് ടീം അംഗങ്ങൾ.
2500 വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് പ്രാഥമികമായി പോസ്റ്റ് ചെയ്യുന്ന റീലുകളും പോസ്റ്ററുകളും അഞ്ച് ലക്ഷത്തിലധികം പേരിലേക്ക് ചെന്നെത്തുന്നുവെന്ന് നോയൽ ഡോമിൻ ജോസഫ് പറഞ്ഞു. മറ്റു പാർട്ടിക്കാരുള്ള പൊതു ഗ്രൂപ്പുകളിലേക്ക് അയക്കുകയാണ് ഏറെയും ചെയ്യുന്നത്. എൽ.ഡി.എഫ് ഇറക്കുന്നതിന് കൗണ്ടർ വിഡിയോ തയാറാക്കാൻ ഒരാളെ ചുമതലപ്പെടുത്തിയിരുന്നു.
ഡേറ്റകൾ വച്ചുകൊണ്ടാണ് ഏറെയും കളി. 200 റീൽസുകളാണ് ചെയ്തത്. രാജ്മോഹൻ ഉണ്ണിത്താൻ എൽ.ഡി.എഫ് ഉയർത്തിയ വെല്ലുവിളിയെ നേരിടാൻ ഇറക്കിയ കുഴിമന്തി കൗണ്ടർ റീൽസ് ഏറ്റവും വൈറലായി.
സൈബർ ഗ്രൂപ്പുകൾക്ക് പ്രചാരണ സമിതി ചെറിയ പ്രതിഫലം നൽകിയിട്ടുണ്ട്. എന്നാൽ ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ റോഡ് ഷോയും കൊട്ടിക്കലാശവും ജനങ്ങളിലേക്ക് എത്തിയതിനേക്കാൾ ആഴത്തിൽ ഇവരുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.