ജീവിതതാളം പിഴച്ച് നൃത്താധ്യാപകർ
text_fieldsകാസർകോട്: കോവിഡിൽ ജീവിതത്തിെൻറ ചുവടുപിഴച്ചവരിൽ നൃത്താധ്യാപകരും പെടും. അമ്പതോളം സ്ഥാപനങ്ങൾ ജില്ലയിൽ നൃത്ത പരിശീലനം നൽകുന്നുണ്ട്. അതിൽപെട്ടവരുൾപ്പെടെ 150 ഒാളം അധ്യാപകരുണ്ട്. നൃത്താധ്യാപകരിൽ ഉത്സവ സീസണുകളെ വരുമാനമാക്കി മാറ്റുന്നവരും പതിവു ക്ലാസുകൾ മാത്രമെടുത്ത് ജീവിതം നയിക്കുന്നവരുമായി രണ്ടു വിഭാഗങ്ങളുണ്ട്. കലാമണ്ഡലം, ചെന്നൈ കലാക്ഷേത്രം, രേവ ബംഗളൂരു, കാലടി തുടങ്ങിയ പ്രശസ്തമായ കലാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ ഇവർക്ക് സർക്കാർ നിയമനത്തിന് എവിടെയും തസ്തികകളില്ല. ഉപജീവനത്തിന് സ്വന്തമായ വഴികണ്ടെത്തുക, പ്രതിസന്ധി വന്നാൽ സ്വന്തമായി അനുഭവിക്കുക എന്നതാണ് നൃത്തം മാത്രം ഉപജീവനമാക്കിയ ഇവരുടെ മുന്നിലുള്ളത്. സ്വന്തമായ ഇടം കണ്ടെത്തി ജീവിതത്തിെൻറ തിരശ്ശീല തുന്നിച്ചേർക്കുന്ന നൃത്താധ്യാപകർ സർക്കാർ കണക്കിൽ എവിടെയുമില്ല.
ഇങ്ങനെയൊരു വിഭാഗമുണ്ട് എന്ന കണക്ക് രേഖപ്പെടുത്തപ്പെട്ടത് ഇൗ കോവിഡ് കാലത്ത് മാത്രമാണ്. അവർക്കുവേണ്ടി ക്ഷേമനിധിയുടെ കടലാസുകൾ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. സ്കൂൾ കലോത്സവങ്ങൾ, സ്കൂൾ വാർഷികങ്ങൾ, ക്ലബ് വാർഷികങ്ങൾ, മത, സാമൂഹിക, സാംസ്കാരിക സംഘടന ആഘോഷങ്ങൾ എന്നിവയാണ് ഇവരുടെ അവസരങ്ങൾ. മാർച്ച്, ഏപ്രിൽ മുതൽ ആരംഭിക്കും സീസണുകൾ.
കഴിഞ്ഞ വർഷം സീസണിെൻറ ഏറ്റവും കാതലായ സമയത്താണ് കോവിഡ് മഹാമാരി കാരണം ലോക്ഡൗൺ ആയത്. ഇതോടെ ഇവരുടെ ജീവിതത്തിനും താഴുവീണു.നൃത്ത മാത്രം തൊഴിലായി സ്വീകരിച്ചവർക്ക് പ്രതിവർഷം അഞ്ചുലക്ഷം വരെ വരുമാനമുണ്ടാക്കാം. കലോത്സവങ്ങളാണ് പ്രധാന വഴികൾ. ഒരു സീസണിൽ ഒന്നിലധികം സ്കൂളുകളുടെ നൃത്ത ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുകൊണ്ടാണിത്. ഒരു നൃത്തത്തിന് 10000ന് മുകളിലാണ് പ്രതിഫലം ലഭിച്ചിരുന്നത്. ഇത് പരിശീലകെൻറ മികവിനും കുടുംബത്തിെൻറ സാമ്പത്തിക ശേഷിക്കും അനുസരിച്ച് 25000വരെ ഉയരാം. ഇതിനുപുറത്താണ് വീടുകളിലും സ്ഥാപനങ്ങളിലും ചെന്ന് ക്ലാസെടുക്കുന്നത്. സ്വന്തമായി നൃത്ത വിദ്യാലയങ്ങൾ ഉള്ളവർക്ക് പതിവ് വരുമാനം ലഭിക്കുന്നുമുണ്ട്. മറ്റൊരു ആനുകൂല്യവും ഇവർക്കില്ല. നൃത്തം കാരണം ഭദ്രമായ ജീവിതം നയിക്കുന്നവരുണ്ട്.
ഇവർക്ക് നല്ല വീടും വാഹനവും ഉണ്ട്. ഇൗ സൗകര്യത്തിെൻറ അടിസ്ഥാനത്തിൽ പലരും ദാരിദ്ര്യരേഖക്ക് മുകളിലുള്ള കാറ്റഗറിയിലാണ് ഉള്ളത്. എന്നാൽ, ഇപ്പോൾ റേഷനരി വാങ്ങാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങളുടെ ഫലമായി ജില്ലയിൽ അഞ്ചുപേർക്ക് കഴിഞ്ഞ തവണ ആയിരം രൂപ വീതം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മുട്ടക്കോഴി വളർത്തൽ, അച്ചാർ നിർമാണം എന്നിങ്ങനെ സ്വയം തൊഴിലിൽ ഏർപ്പെട്ടവരുണ്ട്. അതൊന്നും നല്ല രീതിയിൽ മുന്നോട്ടുപോകുന്നില്ല.
നൃത്തം ഒാൺലൈനായി
സ്കൂളുകൾ ഒാൺൈലനായതോടെ നൃത്ത പഠനവും ഒാൺലൈനായി പഠിപ്പിക്കുന്നതിനുള്ള മാർഗം കണ്ടെത്തി. മീറ്റ് ആപ്പുകളിലും വാട്സ് ആപ് വിഡിയോ കാളിലുമായി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നൃത്തപഠനം അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടപ്പോൾ, അങ്ങനെയാണെങ്കിൽ സ്കൂളും തുറക്കാലോ എന്ന മറുപടിയും കിട്ടി. ഒാൺലൈൻ പരിശീലനത്തിലൂടെ ചെറിയ വരുമാനം ലഭ്യമാകുന്നുണ്ട്. കുട്ടികൾ കുറവാണ്. ഫീസ് കുറച്ചേ വാങ്ങാനാവൂവെന്നതും ഇതിെൻറ പ്രശ്നമാണ്.
പലിശ നിരക്കിൽ വായ്പ അനുവദിക്കണം
മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ കലാകാരന്മാർക്കും ധനസഹായം നൽകാനാവില്ലെങ്കിലും ഇൗ വരുന്ന ഓണത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിച്ചാൽ നന്നായിരുന്നു. പല അധ്യാപക സുഹൃത്തുക്കളും കോഴി വളർത്തിയും മുട്ടവിറ്റുമാണ് ജീവിക്കുന്നത്. മറ്റ് ചിലർ അച്ചാറുണ്ടാക്കി അതിെൻറ വരുമാനത്തിൽ ജീവിക്കുന്നു. കഴിഞ്ഞ വർഷം സർക്കാറിൽ നിന്നും വളരെ ചുരുങ്ങിയ കലാകാരന്മാർക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. ഇത്തവണ എല്ലാവരെയും ഉൾപ്പെടുത്താൻ നടപടിയുണ്ടാകണം.
പരിഗണന ലഭിക്കാത്ത വിഭാഗം
സർക്കാറിെൻറ പരിഗണന ലഭിക്കാത്ത വിഭാഗമാണ് നൃത്താധ്യാപകർ. എല്ലാ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും അരങ്ങിെൻറ പിന്നണിയിൽപെട്ടവരാണ് ഞങ്ങൾ. ഇൗ കോവിഡ് കാലം കലാകാരന്മാരെ സംബന്ധിച്ച് ദുരിതങ്ങളുടെ നാളുകളായിരുന്നു. കുട്ടികളുടെ നൃത്തപഠനം പാതിവഴിയിലായി. ഒരു വർഷത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ഇനിയെന്ത് എന്ന ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.