കൈയെത്തും ദൂരത്തെ അപകടം: ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചു
text_fieldsപുത്തിഗെ: പള്ളം ടൗണിലെ അപകടം മാടിവിളിക്കുന്ന ട്രാൻസ് ഫോർമർ മാറ്റിസ്ഥാപിച്ചു എട്ടാം ക്ലാസ് വിദ്യാർഥിനി നവകേരള സദസ്സിൽ പരാതി നൽകിയതിനെ ‘മാധ്യമം’ വാർത്തയാക്കിയതാണ് നടപടിക്ക് വഴിതെളിഞ്ഞത്.
വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ സീതാംഗോളി വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതർ സംഭവസ്ഥലത്തെത്തുകയും മാറ്റിസ്ഥാപിക്കാനുള്ള നടപടിക്കായി ചെലവ് കണക്കാക്കുകയും ചെയ്തിരുന്നു.
ടൗണിന്റെ ഹൃദയഭാഗത്ത് സുരക്ഷാവേലിപോലുമില്ലാതെ കൈയെത്തും ദൂരത്തായിരുന്നു ട്രാൻസ്ഫോർമറിന്റെ ഫ്യൂസും മറ്റുമുണ്ടായിരുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രവും അടുത്തുതന്നെയായിരുന്നു. സ്കൂൾ കുട്ടികളടക്കം ഇതുവഴിയാണ് യാത്ര ചെയ്യുന്നത്.
ഷേണി ശാരദാംബ എയ്ഡഡ് ഹൈസ്കൂൾ എട്ടാം ക്ലാസുകാരി ആയിശത്ത് ഷാസ എൻമകജെ പഞ്ചായത്ത് മുൻ മെംബർമാരായ സിദ്ദീഖ് വളമുഗർ-ആയിശത്ത് ബുഷ്റ ദമ്പതികളുടെ മകളാണ്. കന്നട മാത്രമറിയുന്ന മാതാപിതാക്കൾക്ക് മലയാളം എഴുതാനറിയില്ല. മലയാളം സംബന്ധമായ എല്ലാ കാര്യങ്ങളിലും ഇവരെ സഹായിക്കുന്നത് മലയാളം പഠിച്ച മകളാണ്.
പൊതുപ്രവർത്തകരായ മാതാപിതാക്കളെ മാതൃകയാക്കിയാണ് ഷാസ നവകേരളസദസ്സിൽ ജനകീയ വിഷയമായിരുന്ന അപകട ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാനുള്ള പരാതി എഴുതിനൽകിയത്. പരാതിയെത്തുടർന്ന് ഇപ്പോൾ ഇത് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.