പ്രായം 82: പാതിരാത്രിയും കാതങ്ങൾ താണ്ടി ദയാബായിയുടെ പോരാട്ടം
text_fieldsകാസർകോട്: മധ്യപ്രദേശിലെ ബറൂളയിൽനിന്ന് മംഗള എക്സ്പ്രസിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി മൂന്നിനു വന്നിറങ്ങുമ്പോൾ സമയം പുലർച്ച 2.45. പോരാട്ടം ജീവിതമാക്കിയ ദയാബായി എന്ന വിശ്വവനിതയുടെ പ്രായം അപ്പോൾ 82. വസ്ത്രധാരണം കൊണ്ടുമാത്രം തിരിച്ചറിയപ്പെടാതെ പലയിടത്തുനിന്നും അവഗണിക്കപ്പെട്ട ദയാബായിക്ക് ഈ പ്രായത്തിലും സഹായികളില്ല. തുടരുന്നത് ഒറ്റക്കുള്ള യാത്ര.
നീലേശ്വരത്ത് വന്നിറങ്ങുമ്പോൾ താനവിടെയുണ്ടാകും എന്നുപറഞ്ഞ എയിംസ് കൂട്ടായ്മ ജനറൽ കൺവീനർ ഫെറീന കോട്ടപ്പുറത്തിനു അമ്മയുടെ വക ശകാരമായിരുന്നു. 'അവിടെ വന്നുപോകരുത്. നേരം പുലർന്ന് വന്നാൽ മതി.' അതാണ് കൽപന. എങ്കിലും ഫെറീന നേരത്തേയെത്തി. അപ്പോഴേക്കും ദയാബായി നല്ല മയക്കത്തിലായിരുന്നു, സ്റ്റേഷൻ നിലത്ത്. തുണികൊണ്ടുള്ള വിരിയിട്ട്, കൊതുകുകളുടെ കടിയേറ്റ്. അതാണ് ആ ജീവിതരീതിയുടെ ചുരുക്കം.
'അതാണ് പതിവ്' -ദയാബായി പറഞ്ഞു. എത്രയോ തവണ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും പാതിരാത്രിയിൽ ഇറങ്ങി, അവിടെത്തന്നെ ഉറങ്ങിയിട്ടുണ്ട്. നിരവധിപേർ അവിടെ ഉറങ്ങുന്നുണ്ടാവും. അവരിൽ ഒരാളെ പോലെ. ഇവിടെ കൊതുകുണ്ട്. അതാണ് പ്രശ്നം. ഉത്തരന്ത്യേയിലെ തണുപ്പിൽ കൊതുകുകളില്ല -ദയാബായി പറഞ്ഞു.
പ്രശ്നങ്ങൾ ദയാബായിയെ വൈകാരികമായി അലട്ടിയാൽ എന്തുവിലകൊടുത്തും അവിടെ എത്തിച്ചേരും. അങ്ങനെയാണ് വീണ്ടും അവർ കാസർകോട്ടെത്തിയത്. 2018 ജനുവരിയിലാണ് എൻഡോസൾഫാൻ ഇരകളുടെ മണ്ണിലേക്ക് ആദ്യമെത്തിയത്. പ്രഖ്യാപിത എയിംസ് കാസർകോടിനു നിഷേധിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് വീണ്ടും വന്നത്. ഫെബ്രുവരി ഏഴിനു നടക്കുന്ന സമര ഐക്യദാർഢ്യ ദിനത്തിൽ പങ്കെടുക്കാൻ.
പിതാവിൻെറ സ്വത്തിൽനിന്ന് ലഭിച്ച ഓഹരി വിറ്റ പണംകൊണ്ട് ബറൂളയിൽ രണ്ടര ഏക്കർ പാറക്കെട്ടുകൾ വാങ്ങി അധ്വാനിച്ച് നിർമിച്ച ഭൂമിയിലാണ് കഴിഞ്ഞ നാലുപതിറ്റാണ്ടായി ജീവിതം. മധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെകൂടെ ചിഡ്വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കുന്നു. നഗരത്തിന്റെ മോടികൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച്, ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു വരുന്ന ദയാബായി, അവിടെ സ്ത്രീകളെ വിളിക്കുന്ന ബായി എന്ന പേരുചേർത്താണ് ദയാബായി ആയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.