സ്ഥലം ലഭിച്ചാൽ എൻഡോസൾഫാൻ ദുരിതബാധിത കുട്ടികൾക്ക് തെറപ്പി കേന്ദ്രം നിർമിക്കും -ദയ ട്രസ്റ്റ്
text_fieldsകാസർകോട്: സ്ഥലം ലഭ്യമാക്കിയാൽ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്ക് തെറാപ്പി കേന്ദ്രം നിർമിക്കുമെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അമ്പലത്തറ സ്നേഹവീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റോഡും ജല സൗകര്യവുമുള്ള ഒരേക്കർ സ്ഥലം സൗജന്യമായി ലഭിക്കുന്നപക്ഷം പാലക്കാട് ദയ ചാരിറ്റബിൾ ട്രസ്റ്റ് ഒരു കോടി രൂപ ചെലവിൽ സൗകര്യം ഒരുക്കും.
10 കുടുംബങ്ങൾക്ക് ഒരേസമയം താമസിക്കാൻ സൗകര്യമുള്ള ഒരു കെട്ടിടം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഭാവിയിൽ 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സൗകര്യങ്ങൾ കൂടി ഘട്ടം ഘട്ടമായി പൂർത്തിയാക്കും. തെറപ്പിസ്റ്റുകൾക്ക് ശമ്പളം നൽകുന്നതിന് പ്രതിമാസം ഒരു ലക്ഷം വീതം നിലവിൽ ദയ ഇപ്പോൾ നൽകി വരുന്നുണ്ട്.
കഴിഞ്ഞ എട്ടു വർഷത്തിനിടെ അർഹരായ ആളുകളെ കണ്ടെത്തി 19 ദയാഭവനങ്ങൾ നിർമിച്ചു നൽകി. ദയ മംഗല്യ ദീപം പദ്ധതിയിലൂടെ 18 നിർധന യുവതികളുടെ വിവാഹം നടത്തിയതടക്കം നിരവധി പദ്ധതികൾ ഏറ്റെടുത്തു നടത്തിവരുന്നു. വാർത്തസമ്മേളനത്തിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ്, ട്രഷറർ ശങ്കർ. ജി. കോങ്ങാട്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, മുനീസ അമ്പലത്തറ, കെ.പി. ഉണ്ണിക്കൃഷ്ണൻ, ശരണ്യ ശങ്കർ, രതീഷ് അമ്പലത്തറ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.