പാളം മുറിച്ചുകടക്കുമ്പോൾ മരണം തുടർക്കഥയാകുന്നു
text_fieldsമൊഗ്രാൽ: സ്ത്രീകളും കുഞ്ഞുങ്ങളും വിദ്യാർഥികളും റെയിൽപ്പാളം മുറിച്ചുകടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുമ്പളക്കും മൊഗ്രാലിനുമിടയിൽ തുടർക്കഥയാവുന്നു. ഇത് നാട്ടുകാരിലും രക്ഷിതാക്കളിലും വലിയ ആശങ്കയിലേക്ക് നീങ്ങിയപ്പോൾ ജാഗ്രത നിർദേശവുമായി മീലാദ് കമ്മിറ്റി രംഗത്തിറങ്ങി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പ്രസ്തുത പ്രദേശങ്ങളിൽ മാത്രം 15 ഓളം പേർ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി മരണപ്പെട്ടിരുന്നു. ഇതിൽ സ്ത്രീകളും, കുട്ടികളുമാണ് ഏറെയും. പാത ഇരട്ടിപ്പിച്ചതോടുകൂടിയാണ് ഇവിടങ്ങളിൽ അപകടങ്ങൾ കൂടിയതും.
പാളങ്ങളിലെ ഇരുഭാഗങ്ങളിലുമുള്ള കാടുകളും ഈ പ്രദേശങ്ങളിൽ അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. കഴിഞ്ഞ ആഴ്ച പെർവാഡ് ഒരു സ്ത്രീ ട്രെയിൻ തട്ടി മരിക്കാനിടയായത് കാടുമൂലം ട്രെയിൻ വരുന്നത് കാണാത്തതിനെ തുടർന്നായിരുന്നുവെന്ന് നാട്ടുകാർ പറയുന്നുമുണ്ട്. ഇതിനെത്തുടർന്ന് റെയിൽവേ അധികൃതർ കാട് വെട്ടിമാറ്റാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മൊഗ്രാൽ പടിഞ്ഞാർ പ്രദേശങ്ങളിൽനിന്ന് മൊഗ്രാൽ സ്കൂളിലേക്ക് നൂറുകണക്കിന് വിദ്യാർഥികളാണ് ഇരട്ട റെയിൽപ്പാളം മുറിച്ചുകടന്ന് പോകുന്നത്. രക്ഷിതാക്കളാണ് പാളം മുറിച്ചുകടക്കാൻ ഇവരെ സഹായിക്കുന്നത്. പാളങ്ങളുടെ വളവുകൾ നികത്തി ട്രെയിനുകൾക്ക് വേഗം വർധിപ്പിക്കാനുള്ള നടപടികൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ജനവാസ മേഖലകളിൽ റെയിൽവേ മേൽപാലങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്.
ഇതിനിടെ മൊഗ്രാൽ മീലാദ് നഗറിൽ ഇരുഭാഗങ്ങളിലായി റെയിൽപ്പാളം മുറിച്ചുകടക്കുന്നവരുടെ ശ്രദ്ധക്കായി മീലാദ് കമ്മിറ്റി ‘ജാഗ്രതാ നിർദേശ ബോർഡ്’ സ്ഥാപിച്ചു. മീലാദ് കമ്മിറ്റി പ്രസിഡന്റ് ടി.പി. ഫൈസൽ, ബഷീർ ഫിർദൗസ്, ടി.എം. ഇബ്രാഹിം, ബാസിത്ത്, എം.എസ്. അഷ്റഫ്, ഹാഷിർ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.