വിദ്യാര്‍ഥികളുടെ സുരക്ഷയും കരുതലും ഉറപ്പാക്കാന്‍ വകുപ്പുകള്‍ ഒറ്റക്കെട്ടാവും
text_fieldsകാസർകോട്: പുതിയ അധ്യയന വര്‍ഷാരംഭം കണക്കിലെടുത്ത് ജില്ലയിലെ വിദ്യാര്‍ഥികളുടെ സുരക്ഷയും കരുതലും ഉറപ്പാക്കാന്‍ ജില്ല പൊലീസ് മേധാവി ഡൊ.വൈഭവ് സക്സേന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
അഡീഷനല്‍ എസ്.പി പി.കെ. രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര വകുപ്പുകളുടെ ഏകീകരണ പ്രവര്‍ത്തനത്തിനും ജില്ല തലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചും ഏകോപനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
കുട്ടികള്‍ വഴി തെറ്റാതിരിക്കാനും അവരെ നേര്‍വഴിയിലേക്ക് നയിക്കാനും പൊലീസ് വകുപ്പ് വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരികയാണ്. ജില്ലയില്‍ വര്‍ധിക്കുന്ന പോക്സോ കേസുകളും മയക്കുമരുന്ന് കേസുകളുമാണ് നിലവിലെ വെല്ലുവിളി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് സക്രിയമായി ഇടപെടുന്നുണ്ടെന്നും ഇതിനായി വകുപ്പുകള്‍ സംയോജിച്ച് പ്രവര്‍ത്തിക്കണമെന്നും അഡീഷനല്‍ എസ്.പി പി.കെ. രാജു പറഞ്ഞു.
കുട്ടികള്‍ക്കായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും നടത്തിപ്പ് രീതികളും പദ്ധതികളെ കുറിച്ചുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. സ്കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന മുറക്ക് സ്കൂളില്‍ പി.ടി.എ, പ്രധാനാധ്യാപകന്, സ്കൂള്‍ പരിധിയിലുള്ള കടയുടമകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി അടിയന്തിരമായി സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് രൂപവത്കരിക്കാന്‍ അത്നണല് എസ്.പി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
പോക്സോ കേസുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കും. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്ന പട്ടിക വര്‍ഗ മേഖലയിലെ വിദ്യാര്‍ഥികളെ തിരികെ സ്കൂളിലെത്തിക്കാന്‍ കൗണ്‍സിലിങ്ങും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങളും നടപ്പാക്കും.
കാസര്‍കോട് ജില്ല പൊലീസ് ഓഫീസ് ട്രെയിനിങ് സെൻററില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികളും സര്‍ക്കാറിതര സംഘടന പ്രതിനിധികളും പങ്കെടുത്തു. കുട്ടികളുടെ ക്ഷേമം സംബന്ധിച്ച് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും പുരോഗതി വിലയിരുത്താന്‍ ജൂലൈ മാസത്തില്‍ വീണ്ടും യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.