ഡിജിറ്റൽ സാക്ഷരത സർവേക്ക് തുടക്കം
text_fieldsകാസർകോട്: കേന്ദ്രാവിഷ്കൃത സാക്ഷരത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു. സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ജില്ല പഞ്ചായത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് സർവേ.
നിരക്ഷരരെ കണ്ടെത്തുന്നതിന് ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ വാർഡുകളിലാണ് സർവേ ആരംഭിച്ചത്. ജനപ്രതിനിധികൾ, അധ്യാപകർ, അംഗൻവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർ, പട്ടികജാതി -വർഗ പ്രമോട്ടർമാർ, ഹരിത സേനാംഗങ്ങൾ, പൊതുപ്രവർത്തകർ, ലൈബ്രറി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ.
ജില്ലതല സർവേ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ആലച്ചേരി വാർഡിൽ ജില്ല സാക്ഷരതമിഷൻ ചെയർപേഴ്സനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി. ബേബി ബാലകൃഷ്ണൻ 72 കാരി ജാനകിയമ്മയെ ഓൺലൈൻ അപേക്ഷ ചേർത്ത് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ പൊയിനാച്ചി, രേണുക ഭാസ്കരൻ, മറിയ മാഹിൻ, ആമിർ പാലോത്ത്, ജില്ല സാക്ഷരത സമിതിയംഗം കെ.വി. വിജയൻ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എൻ. ബാബു, സി.ഡി.എസ് വൈസ് ചെയർമാൻ അനീസ പാലോത്ത്, സെക്രട്ടറി സറീന അബ്ദുൽ ഖാദർ, സാക്ഷരത മിഷൻ പ്രേരക് തങ്കമണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.