എച്ച്.ആർ അലവൻസിൽ വിവേചനം; കാസർകോട് ജില്ല ആസ്ഥാനത്തെ ജീവനക്കാരിൽ പ്രതിഷേധം ശക്തമാവുന്നു
text_fieldsകാസർകോട്: ജില്ല ആസ്ഥാനത്തെ ജീവനക്കാർക്ക് താമസ അലവൻസിൽ (എച്ച്.ആർ.എ) വിവേചനം കാണിച്ച നടപടിയിൽ ജീവനക്കാർക്കിടയിൽ അതൃപ്തി ശക്തം. ചെങ്കള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് എട്ട് ശതമാനം എച്ച്.ആർ.എ അനുവദിച്ച് ഉത്തരവിറക്കിയ സർക്കാർ, നഗരസഭയിലെ ജീവനക്കാരുടെ എച്ച്.ആർ.എ ആറ് ശതമാനത്തിൽ നിലനിർത്തിയിരിക്കുകയാണ്. ഇത് സിവിൽ സ്റ്റേഷനിലെ ട്രഷറി വിഭാഗത്തിന്റെ ഇടപെടൽമൂലം സംഭവിച്ചതാണെന്ന് ഒരു വിഭാഗം സംശയിക്കുന്നു. ജില്ല ആസ്ഥാനത്തെ നഗരസഭകളിലെ ജീവനക്കാർക്കാണ് എട്ട് ശതമാനം എച്ച്.ആർ.എക്ക് അർഹത. എന്നാൽ നഗരസഭകൾക്ക് അകത്തെ ജീവനക്കാരെ തഴഞ്ഞ് നഗരസഭയോട് ചേർന്നുനിൽക്കുന്നുവെന്നപേരിൽ പഞ്ചായത്ത് പരിധിയിൽ സ്ഥിതിചെയ്യുന്ന സിവിൽസ്റ്റേഷൻ ജീവനക്കാർക്ക് എട്ട് ശതമാനം നൽകിയതിലാണ് രോഷം. പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, ചെറുകിട ജലസേചനം, താലൂക്ക് ഓഫിസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ നഗരസഭക്ക് അകത്തുണ്ട്. ഇവരെ പരിഗണിക്കാതെ സിവിൽ സ്റ്റേഷനിൽ മാത്രം കേന്ദ്രീകരിക്കുകയായിരുന്നു സർക്കാർ ചെയ്തതെന്നാണ് ആരോപണം.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളവും അലവൻസുകളും പരിഷ്കരിച്ചു പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ ക്ലാസ്സ് - എ, ബി, സി, ഡി എന്നീ നാലു വിഭാഗങ്ങളായി തിരിച്ച്, അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് എച്ച്.ആർ.എ ആയി അനുവദിച്ചത്. പഞ്ചായത്ത് പ്രദേശത്ത് അടിസ്ഥാന ശമ്പളത്തിന്റെ നാല് ശതമാനവും നഗരസഭയിൽ ആറ് ശതമാനവും ജില്ല ആസ്ഥാന നഗരസഭയിൽ എട്ട് ശതമാനവുമാണ് എച്ച്.ആർ.എ. കാസർകോട് സിവിൽ സ്റ്റേഷൻ ചെങ്കള പഞ്ചായത്തിന്റെ പരിധിയിലായതിനാൽ നാല് ശതമാനത്തിനാണ് അർഹതയുളളത്. എന്നാൽ, സിവിൽ സ്റ്റേഷൻ കോമ്പൗണ്ട് കാസർകോട് മുൻസിപ്പാലിറ്റി പരിധിയുമായി അതിർത്തി പങ്കിടുന്നതിനാൽ എട്ട് ശതമാനം അനുവദിക്കുകയായിരുന്നു. ഇത് തങ്ങൾക്കും ബാധകമല്ലേയെന്നാണ് നഗരസഭയിലെ ജീവനക്കാർ ചോദിക്കുന്നത്.
സർക്കാർ ഉത്തരവിലെ അപാകത പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്കകത്തെ പൊതുമരമാത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ജില്ല ട്രഷറി ഓഫിസർക്ക് കത്ത് നൽകിയിട്ടുണ്ട്. വിവേചനപരമായ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് സർക്കാറിൽ സംഘടനതലത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി ടി. ദാമോദരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.